- ബി.ജെ.പി, ആർ.എസ്.എസ് ശക്തികളെ ചെറുക്കും -രാഹുൽ ഗാന്ധി
ചിക്കമംഗളൂരു, കർണാടക-രാജ്യത്തെ വിഭജിക്കുന്ന ബിജെപി, ആർഎസ്എസ് ശക്തികളെ തടയാൻ എല്ലാവിധ ഊർജവും ഉപയോഗിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മൂന്നാംഘട്ട പര്യടനത്തിനിടെ വിവിധ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ സജീവമാകാനാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പര്യടനത്തിനെത്തിയത്. ദക്ഷിണ കന്നഡ, ഉടുപ്പി ജില്ലകളിൽ രണ്ടു ദിവസത്തെ പര്യടനത്തിനാണ് അദ്ദേഹം എത്തിയത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ശൃംഗേരി ശാരദ പീഠവും അദ്ദേഹം സന്ദർശിച്ചു. ചരിത്രത്തിന്റെ ആവർത്തനമായാണ് ഈ സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 1978 ൽ കോൺഗ്രസും ഇന്ദിരയും തകർന്നെന്ന് രാഷ്ട്രീയ ലോകം മുഴുവൻ വിധിയെഴുതിയ സമയത്ത് ഇന്ദിരാ ഗാന്ധി ശാരദാ മഠത്തിലെത്തിയിരുന്നു. അവസാന പിടിവള്ളിയായി ചിക്മംഗളൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് ഇന്ദിര എത്തിയത്. അടിയന്തരാവസ്ഥ സമ്മാനിച്ച കനത്ത പരാജയത്തിന്റെ ഭാരവുമായി കഴിയുന്ന ഇന്ദിരഗാന്ധി അന്ന് ഒരു എം.പി പോലുമായിരുന്നില്ല. വ്യക്തിപരമായ പ്രശ്‌നങ്ങളും അലട്ടുന്നുണ്ടായിരുന്നു. മൊറാർജി ദേശായിയുടെ ജനത സർക്കാർ കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടുന്നുമുണ്ടായിരുന്നു. കോൺഗ്രസ് എന്ന മുങ്ങുന്ന കപ്പലിൽ നിന്ന് പല മുതിർന്ന നേതാക്കളും രക്ഷപ്പെടുന്ന അവസ്ഥയുമായിരുന്നു. ഡി ദേവരാജ അർസ് ആയിരുന്നു അന്ന് കർണാടക മുഖ്യമന്ത്രി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിളർന്നപ്പോൾ അദ്ദേഹം ഇന്ധിരാ ഗാന്ധിയുടെ കൂടെ നിലയുറപ്പിച്ചു. അദ്ദേഹമായിരുന്നു ഏക ആശ്വാസം.
ചരിത്രം ആവർത്തിക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നത് ഈ സാഹചര്യത്തിലാണ്. ഇപ്പോഴും പിടിവള്ളിയായുള്ളത് കർണാടക. ആശ്വാസമായി കോൺഗ്രസ് മന്ത്രിസഭയും സിദ്ധരാമയ്യയും. രണ്ടു പേരും മൈസൂരിൽ നിന്നുള്ളവരാണെന്നതും ശ്രദ്ധേയം. കർണാടകയിലെ പ്രചാരണം ശക്തമാക്കാനാണ് രാഹുലിന്റെ നീക്കം. യു.പിയിൽ ഉൾപ്പെടെ തിരിച്ചടി നേരിട്ട ബി.ജെപിയെ തകർക്കുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.
അതിനിടെ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലിംഗായത്ത് സമുദായത്തെ പ്രത്യേക മതന്യൂനപക്ഷമായി അംഗീകരിച്ച കോൺഗ്രസ് സർക്കാരിന്റെ നീക്കം തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ബിജെപിയുടെ തീവ്ര വർഗീയതയെ നേരിടാനെന്ന മട്ടിൽ കോൺഗ്രസ് നടത്തിയ കളി ജാതി രാഷ്ട്രീയത്തെ ആളിക്കത്തിക്കും. ജാതി രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുള്ള കർണാടകയിൽ കോൺഗ്രസിന്റെ പുതിയ നീക്കം ബിജെപിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഉത്തർപ്രദേശ്, ബിഹാർ ഉപതെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടിയ്ക്ക് കർണാടകയിലൂടെ മറുപടി നൽകാമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടൽ സിദ്ധരാമയ്യയുടെ നീക്കത്തോടെ തകർന്നു.
ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ മണ്ണിൽ വീണ്ടും അധികാരം പിടിച്ചടാക്കാമെന്ന മോഹം അത്ര എളുപ്പത്തിൽ സാധിക്കില്ലെന്ന തിരിച്ചറിവ് ബിജെപി ക്യാമ്പിൽ മ്ലാനത പടർത്തി.