ന്യൂദല്‍ഹി- തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ എന്തെങ്കിലും സൗജന്യങ്ങള്‍ നല്‍കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് ബന്ധപ്പെട്ട പാര്‍ട്ടിയുടെ നയപരമായ തീരുമാനമാണെന്നും അത്തരം നയങ്ങള്‍ സാമ്പത്തികമായി ലാഭകരമാണോ പ്രതികൂല ഫലമുണ്ടാക്കുമോ എന്ന് തീരുമാനിക്കേണ്ടത് വോട്ടര്‍മാരാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ വിജയിക്കുന്ന പാര്‍ട്ടി എടുക്കുന്ന നയങ്ങളും തീരുമാനങ്ങളും നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ല. നിയമത്തിലെ വ്യവസ്ഥകള്‍ പ്രാപ്തമാക്കാതെയുള്ള അത്തരമൊരു നടപടി അധികാരങ്ങളുടെ അതിരുകടക്കുന്നതായിരിക്കുമെന്നും ്കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
2016 ഡിസംബറില്‍, തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് 47 നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തിന് അയച്ചിട്ടുണ്ട്, അതില്‍ ഒരു അധ്യായം 'രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍' പ്രതിപാദിക്കുന്നതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.