ചാവക്കാട് - ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണക്കും സ്ത്രീധന പീഡനത്തിനും കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. പാടൂര്‍ സ്വദേശിനിയായ അറക്കല്‍ വീട്ടില്‍ അലിമോന്‍ മകള്‍ ഹാഫിസ എന്നവര്‍ ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവായ ഒരുമനയൂര്‍ കറുപ്പം വീട്ടില്‍ അബ്ദുല്‍ ഖാദര്‍ മകന്‍ നിസാറിനെതിരെ കേസെടുക്കാന്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. 2022 ജനുവരി 20 നാണ് കേസിനാസ്പദമായ സംഭവം. ഒരുമനയൂര്‍ ഒറ്റതെങ്ങിലുള്ള ഭര്‍ത്താവിന്റെ വീട്ടിലെ ബെഡ്‌റൂമില്‍ രാവിലെ 11 മണിയോടെ ഹാഫിസ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഫോണ്‍ ചെയ്ത് അറിയിച്ചതിനെ തുടര്‍ന്നാണ് മരണവിവരം ഹാഫിസയുടെ വീട്ടുകാര്‍ അറിയുന്നത്. മരണത്തില്‍ ദുരൂഹതയുള്ളതായി രക്ഷിതാക്കള്‍ക്കും സംശയം വന്നതിനാല്‍ പോലീസ് മേധാവികള്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ആത്മഹത്യ ചെയ്ത മുറി സീല്‍ ചെയ്യുകയോ പിന്നീട് മുറിയില്‍ കൂടുതല്‍ പരിശോധന നടത്തുന്നതിനോ ബന്ധുക്കളെയും മറ്റും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനോ മുതിര്‍ന്നില്ല. അസ്വാഭാവിക മരണത്തിനു കേസെടുക്കുക മാത്രമാണ് ചെയ്തത്. ആത്മഹത്യാ പ്രേരണക്ക് കേസെടുക്കുന്നതിന് ഹാഫിസയുടെ ഉമ്മയായ മുംതാസ് ചാവക്കാട് പോലീസിലും എസ്.പിക്കും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. അതിലൊന്നും പോലീസ് കേസെടുക്കാതെ വന്നപ്പോഴാണ് അഡ്വ. കെ.എന്‍. പ്രശാന്ത് വഴി ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്േ്രടറ്റ് കോടതിയില്‍ അന്യായം ഫയല്‍ചെയ്തത്.