റിയാദ് - നിലവിലെ തോതിൽ ഉൽപാദനം തുടർന്നാൽ 84 വർഷത്തേക്ക് മതിയായ എണ്ണ ശേഖരം സൗദിയിലുണ്ടെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
എണ്ണ വിപണിയുടെ സ്ഥിരതായണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് വൈറ്റ്ഹൗസിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചയിൽ കിരീടാവകാശി പറഞ്ഞു. ചില എണ്ണ കയറ്റുമതിക്കാർ രംഗം വിടുന്ന പക്ഷം എണ്ണ ഉൽപാദനം ഉയർത്തേണ്ടിവരും. ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് ഇപ്പോൾ തന്നെ നിക്ഷേപങ്ങൾ നടത്തണം. എണ്ണ മേഖലയിൽ നിക്ഷേപങ്ങൾ നടത്താത്ത പക്ഷം നാലു വർഷത്തിനുള്ളിൽ എണ്ണ വില വലിയ തോതിൽ ഉയരാൻ സാധ്യതയുണ്ട്. ഇത് ഉൽപാദകർക്കും ഉപഭോക്താക്കൾക്കും നല്ലതല്ല.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അമേരിക്കൻ സന്ദർശനം എത്രയും വേഗമുണ്ടാകും. രാജാവിന്റെ അമേരിക്കൻ സന്ദർശനം ഇരു രാജ്യങ്ങൾക്കും നിരവധി അവസരങ്ങൾ ലഭ്യമാക്കുമെന്ന് കിരീടാവകാശി പറഞ്ഞു. അമേരിക്കയുമായുള്ള നിക്ഷേപ പദ്ധതി 20,000 കോടി ഡോളറിലാണ് ആരംഭിച്ചത്. എന്നാൽ ഇത് 40,000 കോടി ഡോളറിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം അമേരിക്കയുമായി ഒപ്പുവെച്ച സൈനിക കരാറുകളിൽ 30 ശതമാനവും നടപ്പാക്കിയിട്ടുണ്ട്. നിക്ഷേപ പദ്ധതികളിൽ 35 ശതമാനവും ആദ്യ വർഷം തന്നെ നടപ്പാക്കി. പത്തു വർഷത്തിനിടെ ഈ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്ന കൂടുതൽ കരാറുകളും പദ്ധതികളും വൈകാതെ നടപ്പാക്കും. നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും, അമേരിക്കക്കും സൗദി അറേബ്യക്കും ലോകത്തിനു മുഴുവനും സൃഷ്ടിക്കുന്ന ഭീഷണികൾ ഇല്ലാതാക്കുന്നതിനുമാണ് താൻ അമേരിക്കയിൽ എത്തിയിരിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു. കഴിഞ്ഞ ഭരണകൂടത്തിന്റെ കാലത്ത് സൗദി-അമേരിക്കൻ ബന്ധം വഷളായതിൽ മുൻ പ്രസിഡന്റ് ബരാക് ഒബാമയെ ട്രംപ് വിമർശിച്ചു. ഒബാമയുടെ കാലത്ത് സൗദി-അമേരിക്കൻ ബന്ധം മികച്ച നിലയിലായിരുന്നില്ല. സൽമാൻ രാജാവിന്റെ അമേരിക്കൻ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. സൗദി അറേബ്യയുടെ സുരക്ഷ അമേരിക്കക്ക് അതിപ്രധാനമാണെന്നും ഇതിന് മുൻഗണന നൽകുന്നതായും വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. പഴയ കാലം മുതൽ അമേരിക്കയുടെ പ്രധാന പങ്കാളിയും സൗഹൃദ രാജ്യവുമാണ് സൗദി അറേബ്യ. ഒമ്പതു മാസത്തിനിടെ സൗദി അറേബ്യക്ക് 5,400 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽപന നടത്താൻ അമേരിക്കൻ കോൺഗ്രസ് അനുമതി നൽകിയിട്ടുണ്ട്. സൗദി അറേബ്യയുടെ പ്രതിരോധ ശേഷി വികസിപ്പിക്കുന്നത് അമേരിക്കൻ പ്രതിരോധ മന്ത്രാലയം തുടരുകയാണ്. അമേരിക്കയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരാണ് സൗദി അറേബ്യ. മേഖലയിൽ ഇറാന്റെ സ്വാധീനം ചെറുക്കുന്നതിനും സിറിയയിലും യെമനിലും ഭീകരതയെ പരാജയപ്പെടുത്തുന്നതിനും ഭീകരതക്കുള്ള ഫണ്ടിംഗ് തടയുന്നതിനും സൗദി അറേബ്യയുമായി സഹകരണം വിപുലീകരിക്കുന്നതിന് അമേരിക്കൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.