ഷിംല- നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഹിമാചല്‍ പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) സംസ്ഥാന അധ്യക്ഷന്‍ അനുപ് കേസരിയും മുതിര്‍ന്ന രണ്ട് നേതാക്കളും ബിജെപിയിലേക്ക് ചേക്കറി. ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് സാന്നിധ്യമറിയിക്കാനുള്ള എഎപിക്ക് ഇത് വലിയ തിരിച്ചടിയായി. അനൂപിനൊപ്പം എഎപി സംഘടനാകാര്യ ജനറല്‍ സെക്ടട്ടറി സതീഷ് ഠാക്കൂറും ഉന ജില്ലാ അധ്യക്ഷന്‍ ഇഖ്ബാല്‍ സിങും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും ചേര്‍ന്നാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
എഎപി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഹിമാചല്‍ പ്രദേശിലെ പാര്‍ട്ടി പ്രവര്‍ത്തകരെ തിരിഞ്ഞു നോക്കിയില്ലെന്നും അവഹേളിച്ചെന്നും അനൂപ് ഠാക്കൂര്‍ ആരോപിച്ചു. ബിജെപിക്ക് ജനങ്ങളെയാണ് പേടിയെന്നും തന്നെയല്ലെന്നും കെജ്രിവാള്‍ പ്രതികരിച്ചു. ബിജെപിയിലുള്ളവര്‍ ജനങ്ങള്‍ക്കു വേണ്ടി സത്യസന്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയെ മാറ്റുകയോ മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള കളങ്കിതരെ പാര്‍ട്ടിയില്‍ ചേര്‍ക്കുകയോ ചെയ്യേണ്ട രീതിയില്‍ ആശങ്കപ്പെടേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസരിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനിരിക്കുകയായിരുന്നുവെന്നും എഎപി നേതാവ് മനീഷ് സിസോദിയ പറഞ്ഞു.