ന്യൂദൽഹി- സ്വകാര്യതക്ക് പുല്ലുവില കൽപ്പിച്ച ഫേസ്ബുക്കിന്റെ ഡാറ്റ മോഷണം ലോകമൊട്ടാകെ ചർച്ച ചെയ്യുമ്പോൾ ഇന്ത്യക്കാരുടെ ഡാറ്റ സുരക്ഷയെ കുറിച്ച് പരിഹാസ്യവാദവുമായി കേന്ദ്രം സുപ്രീം കോടതിയിൽ. സർക്കാരിന്റെ യുണീക് ഐഡിന്റിഫിക്കേഷൻ അതോറിറ്റി ശേഖരിച്ച കോടിക്കണക്കിന് ഇന്ത്യക്കാരുടെ ബയോമെട്രിക് വിവരങ്ങൾ 15 അടി ഉയരവും അഞ്ചടി കനവുമുള്ള ചുവരുകൾക്കുള്ളിൽ സുരക്ഷിതമായി സൂക്ഷിച്ചുവച്ചതാണെന്നും ഒരിക്കലും ചോരില്ലെന്നുമാണ് ആധാർ കേസിൽ വാദം കേൾക്കുന്ന കോടതി മുമ്പാകെ സർക്കാർ വ്യക്തമാക്കിയത്. ദൽഹിക്കടുത്ത മനേസറിലാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ച കെട്ടിട സമുച്ചയമുള്ളതെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ വ്യക്തമാക്കി.
ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രത്തോളം പുരോഗതി പ്രാപിക്കുകയും ഈ രംഗത്ത് ഇന്ത്യ മുൻനിരയിൽ നിൽക്കുകയും ചെയ്യുന്ന കാലത്താണ് വലിയ കമ്പ്യൂട്ടർ സെർവറിൽ സൂക്ഷിച്ച ഡാറ്റ കനമേറിയ മതിൽക്കെട്ടുകൾക്കുള്ളിൽ സുരക്ഷിതമാണെന്ന കേന്ദ്രത്തിന്റെ വാദം. ഓൺലൈനിൽ പൗരന്മാരുടെ ആധാർ വിവരങ്ങൾ അനായാസം ഹാക്ക് ചെയ്‌തെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന റിപ്പോർട്ടുകൾ വന്നിട്ട് അധികമായിട്ടില്ലെന്നോർക്കണം.
ഈ സുരക്ഷ കോടതിക്കു കണ്ടു ബോധ്യപ്പെടാൻ നാലു മിനിറ്റ് വീഡിയോ വേണമെങ്കിൽ കാണിക്കാമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹജരായ അറ്റോർണി ജനറൽ ബെഞ്ച് മുമ്പാകെ പറഞ്ഞു. 12 അക്ക ആധാർ ഐ.ഡി നൽകുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ അജയ് ഭുഷൺ പാണ്ഡെ ആവശ്യമെങ്കിൽ ഇതു പ്രസന്റേഷന്റെ പിൻബലത്തിൽ ജഡ്ജിമാരെ കാണിക്കുമെന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. ഏതാനും ചിലരുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകളുടെ പേരിൽ ജനങ്ങളുടെ സുതാര്യമായ സേവന വഴി തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വാദം കേൾക്കൽ തുടരും.