കീവ്- കിഴക്കൻ ഉക്രൈനിലെ ക്രമടോസ്‌ക്(Kramatorsk) ട്രെയിൻ സ്‌റ്റേഷനിൽ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ 35പേർ കൊല്ലപ്പെട്ടു. റോക്കറ്റാക്രമണമാണ് റെയിൽവേ സ്റ്റേഷന് നേരെ നടത്തിയത്. നൂറിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. റഷ്യയുടെ ആക്രണത്തിൽനിന്ന് രക്ഷനേടുന്നതിനായി സുരക്ഷിത സ്ഥാനത്തേക്ക് പോകുന്നതിനായി റെയിൽവേ സ്‌റ്റേഷനിൽ എത്തിയവർക്ക് നേരെയാണ് റഷ്യൻ സൈന്യം ക്രൂരത നടത്തിയത്. ഒരു പരിധിയുമില്ലാതെ പൈശാചിക പ്രവൃത്തികൾ തുടരുകയാണ് റഷ്യ ചെയ്യുന്നതെന്ന് ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു. സിവിലിയൻ ജനതയെ വികൃതമായി നശിപ്പിക്കുകയാണ് റഷ്യ ചെയ്യുന്നത്. അതിരുകളില്ലാത്ത തിന്മയാണിത്. ശിക്ഷിച്ചില്ലെങ്കിൽ, അത് ഒരിക്കലും അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, റഷ്യൻ പ്രസിഡന്റ് വ്‌ളാദമിർ പുടിന്റെ മകൾക്ക് ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി. റഷ്യയുടെ എട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ജപ്പാൻ പുറത്താക്കി. റഷ്യയെ യു.എൻ മനുഷ്യാവകാശ സമിതിയിൽനിന്ന് ഇന്നലെ പുറത്താക്കിയിരുന്നു.