ജയ്പൂര്‍- രാജസ്ഥാനില്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ബൈക്ക് റാലിക്കുനേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് വ്യാപക അക്രമം നടന്ന കരൗലിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഏപ്രില്‍ 10 വരെ നീട്ടി. ഇന്നു മുതല്‍ കര്‍ഫ്യൂവില്‍ മൂന്ന് മണിക്കൂര്‍ ഇളവ് അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഹിന്ദു പുതുവത്സരത്തില്‍ നടത്തിയ ബൈക്ക് റാലിക്കുനേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചാണ് കഴിഞ്ഞ ശനിയാഴ്ച ഇവിടെ വ്യാപകമായ തീവെപ്പും അക്രമവും നടന്നത്. മുസ്ലിം ഭൂരിപക്ഷ മേഖലയിലൂടെയായിരുന്നു ബൈക്ക് റാലി.
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്), ബജ്‌റംഗ്ദള്‍ എന്നിവയുള്‍പ്പെടെയുള്ള ഹിന്ദുത സംഘടനകളാണ് റാലി നടത്തിയത്. അക്രമ സംഭവങങളില്‍ 35 ഓളം പേര്‍ക്ക് പരിക്കേറ്റു.
അക്രമം ആസൂത്രിത ഗൂഢാലോചനയെന്ന് പ്രതിപക്ഷമായ ബിജെപിയും ജനങ്ങളെ ധ്രുവീകരിക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു. ബിജെപിയുടെ ഏഴംഗ പ്രതിനിധി സംഘം സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയക്കും പാര്‍ട്ടി സംസ്ഥാന ചുമതലയുള്ള അരുണ്‍ സിങ്ങിനും സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
റാലിയുടെ വീഡിയോ പോലീസിന്റെ പക്കലുണ്ടെന്നും സമാധാന സമിതി യോഗത്തില്‍ പങ്കെടുത്തിട്ടും പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളുമായി ബന്ധമുള്ള ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡോ.ജിതേന്ദ്ര സിംഗ്, എം.എല്‍.എ റഫീഖ് ഖാന്‍, ലളിത് യാദവ് എന്നിവരുള്‍പ്പെട്ട കോണ്‍ഗ്രസ് പ്രതിനിധി സംഘവും കരൗലിയിലെത്തി സ്ഥിതിഗതികള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയും പ്രദേശവാസികളോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
ജനങ്ങളെ ധ്രുവീകരിക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സ്വര്‍ണിം ചതുര്‍വേദി പറഞ്ഞു.