പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് പാക് സുപ്രീം കോടതി
ഇസ്‌ലാമാബാദ്- പാക്കിസ്ഥാനില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും അംഗങ്ങള്‍ തിരിച്ചുവരണമെന്നും സുപ്രീം കോടതി വിധിച്ചു. ഇംറാന്‍ ഖാന്‍ പരാജയപ്പെടുമെന്ന് ഉറപ്പായ അവിശ്വാസ വോട്ടെടുപ്പ് റദ്ദാക്കപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് ആരിഫ് അലവി പാര്‍ലമെന്റ് പിരിച്ചുവിട്ടത്.
പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തണമെന്നും കോടതി വിധിയില്‍ പറഞ്ഞു. ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രധാനമന്ത്രി നല്‍കിയ ശുപാര്‍ശ ഭരണഘടനാ വിരുദ്ധമാണെന്നും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് ഉമര്‍ അത്താ ബന്തിയാല്‍ വ്യക്തമാക്കി. നിറഞ്ഞുകവിഞ്ഞ കോടതി മുറിയിലാണ് 13 പോയന്റുകള്‍ അടങ്ങുന്ന ഉത്തരവ് വായിച്ചത്.
സുപ്രീം കോടതി ഐകകണ്‌ഠ്യേന വിധി പ്രഖ്യാപിച്ചതിനു പിറകെ, കോടതിക്കു പുറത്ത് പ്രതിപക്ഷ അംഗങ്ങള്‍ ആഹ്ലാദാരവം മുഴക്കി. രോഷാകുലരായ ഇംറാന്‍ ഖാന്‍ അനുകൂലികള്‍ അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. സംഘര്‍ഷം ഒഴിവാക്കാന്‍ കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
ഭരണഘടനാ പ്രതിസന്ധി ഉടലെടുത്ത രാജ്യത്ത് പാക്കിസ്ഥാന്‍ രൂപ ഇന്നലെ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. വിദേശനാണ്യ കരുതല്‍ ശേഖരം ഇടിയുകയും ചെയ്തു.
വിദേശ ഗൂഢാലോചനയുടെ ഭാഗവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞയാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇംറാന്‍ ഖാന്റെ പാര്‍ട്ടി അംഗമായ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ റദ്ദാക്കിയത്. ഒരു നേതാവും കാലാവധി പൂര്‍ത്തിയാക്കാത്ത പാക്കിസ്ഥാനില്‍ സുപ്രീം കോടതി ഉത്തരവ് ഇംറാന്‍ ഖാനും സമാന വിധിയാണ് സമ്മാനിക്കാനിരിക്കുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച പാര്‍ലമെന്റ് ചേര്‍ന്ന് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.