Sorry, you need to enable JavaScript to visit this website.

കെട്ടിപ്പിടിക്കരുത്, ചുംബിക്കരുത്, ഒന്നിച്ചുറങ്ങരുത്; ഷാങ്ഹായ് നിവാസികള്‍ കടുത്ത നിയന്ത്രണത്തില്‍

ഷാങ്ഹായ്- വീണ്ടും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ചൈനീസ് നഗരമായ ഷാങ്ഹായില്‍ പുതിയ നിയന്ത്രണങ്ങള്‍ ജനങ്ങളുടെ കിടപ്പുമുറിയില്‍ വരെ എത്തി. നഗരത്തിലെ 26 ലക്ഷം ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്നാണ് ഭരണകൂടം നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഭക്ഷ്യ വസ്തുക്കളും തീര്‍ന്നതിനെ തുടര്‍ന്ന് ഈയിടെ ആളുകള്‍ ബാല്‍ക്കണിയില്‍ ഇറങ്ങി പ്രതിഷേധിക്കുകയും പാട്ടുപാടുകയും ചെയ്യുന്ന വിഡിയോകള്‍ ചൈനസ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് അധികൃതര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഉയരത്തിലുള്ള അപാര്‍ട്‌മെന്റ് കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ക്കു വേണ്ടി അറിയിപ്പുകള്‍ അനൗണ്‍സ് ചെയ്യുന്നത്. ജനവാതില്‍ തുറക്കരുതെന്നും കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമാണ് ഈ അനൗണ്‍സ്‌മെന്റുകളില്‍ പറയുന്നത്. ജനല്‍ തുറന്ന് പാട്ടുപാടരുതെന്നും സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം നിയന്ത്രിക്കണമെന്നും അറിയിപ്പുണ്ട്. 

ജനല്‍ വാതിലിനപ്പുറം കിടപ്പുമുറിയിലേക്കു കൂടി നീളുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍. ഇന്ന് രാത്രി മുതല്‍ ദമ്പതികള്‍ വേറിട്ട് കിടന്നുറങ്ങണം, ചുംബിക്കാന്‍ പാടില്ല, കെട്ടിപ്പിടിക്കലും അനുവദിക്കില്ല. ഭക്ഷണം കഴിക്കാനും വേറിട്ടിരിക്കണം. നിങ്ങളുടെ സഹകരണത്തിന് നന്ദി- ഇങ്ങനെയായിരുന്നു ഷാങ്ഹായിലെ ഒരു ഹൗസിങ് കോളനിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മെഗാഫോണിലൂടെ വിളിച്ചു പറഞ്ഞത്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പട്ടിയുടെ രൂപത്തിലുള്ള റോബട്ട് കോവിഡ് മുന്നറിയിപ്പുകള്‍ അനൗണ്‍സ് ചെയ്ത് തെരുവിലൂടെ നീങ്ങുന്ന വിഡിയോ വൈറലായിരുന്നു. അതേസമയം കടുത്ത നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധവും ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍ നഗരത്തിന് ആവശ്യമായ ഭക്ഷ്യ വസ്തുക്കളും മാംസവും അരിയുമെല്ലാം സ്റ്റോക്ക് ഉണ്ടെന്നാണ് ഷാങ് ഹായ് വൈസ് മേയര്‍ ചെന്‍ തോങ് പറയുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വിതരണത്തിലുള്ള പ്രശ്‌നങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. 

Latest News