ശമ്പളം 12% വരെ വര്‍ധിക്കും, ഇന്ത്യക്കാര്‍ക്ക് ആശ്വാസം; മികച്ച അവസരങ്ങള്‍ തുറക്കുന്നത് ഈ രംഗങ്ങളില്‍

മുംബൈ- ഉല്‍പ്പാദന, അടിസ്ഥാനസൗകര്യ വികസന രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപാനുകൂല സാഹചര്യമുള്ളതിനാല്‍ ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് ശരാശരി എട്ടു മുതല്‍ 12 ശതമാനം വരെ ശമ്പള വര്‍ധന നല്‍കുമെന്ന് റിപോര്‍ട്ട്. കോവിഡ് മഹാമാരിക്കു മുമ്പ് 2019ല്‍ ഏഴു ശതമാനമായിരുന്നു ശമ്പള വര്‍ധന. ഇത് ഉയരുമെന്നാണ് മൈക്കല്‍ പേജ് സാലറി റിപോര്‍ട്ട് 2022 പറയുന്നത്. യുനികോണ്‍ കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും, പുതിയ കാല കോര്‍പറേറ്റുകളും തങ്ങളുടെ ജീവനക്കാരുടെ ശമ്പളം 12 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാങ്കിങ് ആന്റ് ഫിനാന്‍സ്, റിയല്‍എസ്റ്റേറ്റ്, നിര്‍മാണം, ഉല്‍പ്പാദനം എന്നീ വ്യവസായ രംഗങ്ങളിലാണ് മികച്ച വളര്‍ച്ചയുള്ളതെന്നും റിപോര്‍ട്ട് പറയുന്നു. വിപണിയില്‍ കോവിഡ് മഹാമാരിയുടെ ആഘാതം ഇനി കാര്യമായി ഉണ്ടാകില്ലെന്നും ഭാവി ബിസിനസ് പ്ലാനുകള്‍ പ്രതീക്ഷിച്ചപോലെ മുന്നോട്ടു പോകുമെന്നുമാണ് കമ്പനിയുടെ പൊതുവായ വിലയിരുത്തല്‍.  

കംപ്യൂട്ടര്‍ സയന്‍സ് പശ്ചാത്തലമുള്ള സീനിയര്‍ തലത്തിലുള്ള പ്രൊഫഷനലുകള്‍ക്കാണ് ഈ ശമ്പള വര്‍ധനയില്‍ കൂടുതല്‍ നേട്ടമെന്നും റിപോര്‍ട്ട് പ്രവചിക്കുന്നു. ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊമേഷന്‍ മേഖലകളില്‍ ഇന്ത്യ അതിവേഗം വളരുമ്പോള്‍ ഈ പ്രൊഫഷനലുകള്‍ കൂടുതല്‍ ശമ്പളം ചോദിച്ചു വാങ്ങാന്‍ ശേഷിയുള്ള തലത്തിലേക്ക് ഉയരും. 

മെഷീന്‍ ലേണിങില്‍ അറിവുള്ള ഡേറ്റ സയന്റിസ്റ്റുകള്‍, വെബ് ഡെലപര്‍മാര്‍, ക്ലൗഡ് ആര്‍കിടെക്റ്റുകള്‍ എന്നീ ഐടി ജോലികള്‍ക്കായിരിക്കും വന്‍ ഡിമാന്‍ഡ്. മികച്ച ഒരു യുനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരാണെങ്കില്‍ വലിയ അവസരങ്ങളാണ് ലഭിക്കുക എന്നും റിപോര്‍ട്ട് പറയുന്നു. 

കമ്പനികള്‍ അവരുടെ ഉന്നത തലങ്ങളിലുള്ള എക്‌സിക്യൂട്ടീവുകളെ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുമെന്നും റിപോര്‍ട്ട് പറയുന്നു. ത്രൈമാസ ശമ്പള വര്‍ധന, കമ്പനിയില്‍ ഓഹരി പങ്കാളിത്തം, ബോണസ്, ഇടക്കാല ഇന്‍ക്രിമെന്റ്, പ്രൊമോഷന്‍ തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ ഇത്തരം പ്രൊഫഷനലുകള്‍ക്ക് ലഭിക്കും. 

Latest News