Sorry, you need to enable JavaScript to visit this website.

ആള്‍മാറാട്ടത്തിലൂടെ ജന്മിയുടെ മകനായി 41 വര്‍ഷം ജീവിച്ചു; സ്വത്ത് കൈക്കലാക്കിയതോടെ പിടിയില്‍, ഇപ്പോള്‍ ജയിലില്‍

പട്‌ന- സമ്പന്നനായ ഒരു ജന്മിയുടെ കാണാതായ മകന്റെ വേഷത്തിലെത്തി 41 വര്‍ഷം ജന്മിയുടെ മകനായി ജീവിച്ചയാള്‍ ഒടുവില്‍ ജയിലിലായി. സിനിമാ കഥകളെ വെല്ലുന്ന ഈ സംഭവം ബിഹാറിലാണ് നടന്നത്. ജമുയിയിലെ ലക്ഷ്മിപൂര്‍ സ്വദേശിയായ ദയാനന്ദ് ഗോസായിയെ ചൊവ്വാഴ്ച ബിഹാര്‍ശരീഫ് സിവില്‍ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചതോടെയാണ് ഈ ധൂര്‍ത്ത പുത്രന്റെ തട്ടിപ്പു ജീവിതത്തിന് അവസാനമായത്. നളന്ദയിലെ സമ്പന്നരായ ജന്മികളില്‍ ഒരാളായ കാമേശ്വര്‍ സിങിന്റെ മകന്‍ കനയ്യ സിങ് ആയാണ് 1981 മുതല്‍ ദയാനന്ദ് ആള്‍മാറാട്ടം നടത്തിയത്. 1977ല്‍ കനയ്യയെ കാണാതായി നാലു വര്‍ഷത്തിനു ശേഷമാണ് ദയാനന്ദ് താന്‍ കനയ്യ ആണെന്ന അവകാശവാദവുമായി വരുന്നത്. നളന്ദയിലെ മുര്‍ഗാവന്‍ ഗ്രാമത്തിലെ കാമേശ്വറിന്റേയും രാംസഖി ദേവിയുടേയും മകനായ കനയ്യയെ 16ാം വയസ്സിലാണ് കാണാതായത്. തൊട്ടടുത്ത ചാന്ദിയിലേക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയ കനയ്യ പിന്നീട് തിരിച്ചു വന്നില്ല. പോലീസില്‍ പരാതി നല്‍കിയെങ്കിലും കനയ്യയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. രണ്ടു ഭാര്യമാരിലായി ഏഴു പെണ്‍മക്കളുള്ള കാമേശ്വറിന്റെ ഏക ആണ്‍തരിയായിരുന്നു കനയ്യ. കനയ്യ എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കാമേശ്വര്‍ കഴിയുന്നതിനിടെയാണ് ദയാനന്ദ് ആള്‍മാറാട്ടം നടത്തി കനയ്യയാണ് താനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. 

സന്യാസി വേഷത്തിലുള്ള ഒരു യുവാവായി ദയാനന്ദ് താന്‍ കാമേശ്വറിന്റെ കാണാതായ മകനാണെന്ന് അവകാശപ്പെട്ട് തൊട്ടടുത്ത ഗ്രാമമായ കേശോപൂരില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ഈ യുവാവിനെ കാമേശ്വറിന്റെ മുന്നിലെത്തിച്ചു. കാമേശ്വര്‍ മകനായി ദയാനന്ദിനെ സ്വീകരിച്ചെങ്കിലും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സംശയം ബാക്കിയായി. കനയ്യയുടെ ശരീരത്തിലുണ്ടായിരുന്ന അടയാളം ഈ യുവാവിന്റെ ശരീരത്തില്‍ കാണാത്തിനാല്‍ അമ്മ രാംസഖി ഇത് വിശ്വസിച്ചില്ല. കാമേശ്വര്‍ യുവാവിനെ വീട്ടില്‍ കയറ്റിയെങ്കിലും രാംസഖിയും അവരുടെ അഞ്ച് പെണ്‍മക്കളും വീട്ടില്‍ നിന്ന് പുറത്തുപോകാനാണ് ദയാനന്ദിനോട് ആവശ്യപ്പെട്ടത്. പക്ഷെ അവന്‍ അനുസരിച്ചില്ല. ഇതോടെ രാംസഖി ദയാനന്ദിനെതിരെ പോലീസില്‍ പരാതി നല്‍കി. ഈ നിയമ പോരാട്ടം നടക്കുന്നതിനിടെ 1990ല്‍ കാമേശ്വറും 1995ല്‍ രാംസഖിയും മരണപ്പെട്ടു. ഇതോടെ കേസ് അടഞ്ഞ അധ്യായമായി. അതേസമയം ദയാനന്ദിനെതിരെ സഹോദരിമാര്‍ പോരാട്ടം തുടരുകയും ചെയ്തു. കാമേശ്വറിന്റെ ഭൂമി വില്‍ക്കുകയും പട്്‌നയിലെ കുടുംബ സ്വത്ത് കൈക്കലാക്കാന്‍ ശ്രമം നടത്തുകയും ചെയ്തതോടെ ദയാനന്ദിനെതിരെ കാമേശ്വറിന്റെ മകള്‍ വിദ്യാ സിങ് കേസ് നല്‍കി. മാതാപിതാക്കളുടെ മരണ ശേഷം കേസ് വീണ്ടും തുറക്കാന്‍ വിദ്യ ശ്രമിച്ചെങ്കിലും സാങ്കേതിക, നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇത് അനുവദിച്ചിരുന്നില്ല. 1995ല്‍ സുപ്രീം കോടതിയെ സമീപിച്ചാണ് കേസ് വീണ്ടും തുറന്നു കിട്ടിയത്. 

ഈ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ദയാനന്ദ് ഗോസായി കനയ്യ സിങ് അല്ലെന്ന് വ്യക്തമായി. ദയാനന്ദ് ലക്ഷ്മിപൂര്‍ സ്വദേശിയാണെന്നും സന്യാസി വേഷത്തില്‍ യാചന നടത്തി ജീവിക്കുന്ന കുടുംബത്തിലെ അംഗമാണെന്നും കണ്ടെത്തി. ഇതോടെ കേസ് വിചാരണ ബിഹാര്‍ശരീഫ് കോടതിയില്‍ പുരോഗമിച്ചു. 2019ല്‍ കോടതി ദയാനന്ദിനോട് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാകാന്‍ ആവശ്യപ്പെട്ടതോടെയാണ് കേസില്‍ മറ്റൊരു വഴിത്തിരിവുണ്ടായത്. പരിശോധനയ്ക്ക് ദയാനന്ദ് തയാറാകാതിരുന്നത് കോടതിയേയും സംശയത്തിലാക്കി. ദയാനന്ദ് ഗോസായിയുടെ പേരിലുള്ള ഒരു മരണ സര്‍ട്ടിഫിക്കറ്റ് ദയാനന്ദ് ഹാജരാക്കിയിരുന്നു. ഇതെങ്ങനെ കയ്യിലെത്തി എന്ന ചോദ്യത്തിന് ദയാനന്ദിന് മറുപടി ഉണ്ടായിരുന്നില്ല. ഈ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നും പിന്നീട് കണ്ടെത്തി.

Latest News