ഗുണ(മധ്യപ്രദേശ്)- പത്താം ക്ലാസ് പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തിൽ 15 വയസുകാരൻ പിതാവിനെ കൊലപ്പെടുത്തി. പരാജയപ്പെട്ടാൽ അച്ഛൻ മർദ്ദിക്കുമെന്ന് കുട്ടി ഭയപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം അയൽവാസിയിൽ കെട്ടിവെക്കാൻ കുട്ടി ശ്രമിച്ചതായും പോലീസ് പറഞ്ഞു. ഏപ്രിൽ മൂന്നിനാണ് മുറിയിൽ ഉറങ്ങുകയായിരുന്ന ദുലിചന്ദ് അഹിർവാറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ വീരേന്ദ്ര അഹിർവാറും മറ്റൊരു വ്യക്തിയും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടതായി മകൻ പരാതിയിൽ പറഞ്ഞതായി പോലീസ് ഓഫീസർ രാജീവ് മിശ്ര പറഞ്ഞു.
വീരേന്ദ്രയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്‌തെങ്കിലും ഫോറൻസിക് അന്വേഷണത്തിന് ശേഷം പോലീസ് അന്വേഷണം വിപുലമാക്കി. തുടർന്ന് പോലീസ് കൊല്ലപ്പെട്ടയാളുടെ മകനെ ചോദ്യം ചെയ്തു. പോലീസ് ചോദ്യം ചെയ്യലിൽ കുട്ടി എല്ലാം സമ്മതിച്ചു. പഠിക്കാത്തതിന് പിതാവ് തന്നെ ശകാരിക്കുകയും പത്താം ക്ലാസ് പരീക്ഷയിൽ തോറ്റാൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടി പറഞ്ഞതായി പോലീസ് വ്യക്തമാക്കി. തുടർന്ന് പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു.