ന്യൂദല്‍ഹി- ദല്‍ഹിയിലെ ആനന്ദ് നികേതനില്‍ ഒരു കശപിശ നടക്കുന്നുവെന്ന വിവരമറിഞ്ഞാണ് സൗത്ത് കാമ്പസ് പോലീസ് സ്റ്റേഷനില്‍ നിന്ന് 12 അംഗ സംഘം കുതിച്ചെത്തിയത്. അവിടെ എത്തിയ പോലീസ് പരാതിക്കാരനെ കണ്ടു ഞെട്ടി. വെനേസ്വേലയുടെ അന്താരാഷ്ട്ര വാണിജ്യ മന്ത്രി നെല്‍സണ്‍ ഒര്‍ട്ടേഗ! കാറില്‍ വച്ച തന്റെ ബാഗില്‍നിന്ന് 1,330 യുറോ (ഏകദേശം ഒരു ലക്ഷം രൂപയുടെ അടുത്ത് മൂല്യം) കാണാതായെന്നാണ് മന്ത്രിയുടെ പരാതി. കാറിന്റെ ഡ്രൈവറാണ് സംശയത്തിന്റെ നിഴലില്‍. കൂടുതല്‍ നടപടികളിലേക്ക് കടക്കും മുമ്പ് പോലീസ് കാര്‍ അരിച്ചു പെറുക്കി. ഒടുവില്‍ കാറിനു പിറകിലെ ഫൂട്ട് മാറ്റിനടിയില്‍ പണം കണ്ടെത്തി.
പണം മന്ത്രിയുടെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വീണു പോയതാകാമെന്നാണ് പോലീസ് കരുതുന്നത്. ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തെങ്കിലും സംശയകരമായി പോലീസിനു ഒന്നും കണ്ടെത്താനായില്ല. ഡ്രൈവര്‍ക്ക് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു.
വെനെസ്വേല എംബസിയില്‍നിന്നാണ് ഒര്‍ട്ടേഗ കാറില്‍ പുറത്തിറങ്ങിയത്. ഈ യാത്രക്കിടെ തന്റെ പണം പോക്കറ്റടിച്ചുവെന്നാണ് അദ്ദേഹം സംശയിച്ചത്. വിവരമറിയിച്ച ഉടന്‍ സ്ഥലത്തെത്തി പണം കണ്ടെത്തിയ പോലീസിനെ അദ്ദേഹവും എംബസിയും നന്ദി അറിയിച്ചു.