കൊച്ചി- നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങൾക്ക് നൽകിയെന്ന പരാതിയിലാണ് നടപടി. തുടരന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയുടെ നിർദേശത്തിന്റെ ലംഘനം നടത്തിയ ബൈജു പൗലോസ് കോടതിയലക്ഷ്യം കാട്ടിയെന്നാണ് പരാതിയിലെ ആരോപണം.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിൽ നിന്ന് കോടതിയിലെ ചില വിവരങ്ങൾ ലഭിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. ഫോറൻസിക് പരിശോധനയ്ക്ക് ഫോൺ അയച്ചപ്പോഴാണ് വിവരങ്ങൾ ലഭിച്ചത്. കോടതി ജീവനക്കാർ വഴിയാണോ വിവരങ്ങൾ ചോർന്നത് എന്നറിയാനാണ് ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ബൈജു പൌലോസ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് സഹിതമുള്ള കത്ത് മാധ്യമങ്ങളിൽ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബൈജു പൗലോസിനോട് നേരിട്ട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടത്.
കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് അപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യൽ അനുവദിക്കാൻ ദിലീപിന്റെ മൊബൈലിൽ നിന്നും ജീവനക്കാർക്കെതിരായി ലഭിച്ച തെളിവുകൾ ഹാജരാക്കണമെന്നും വിചാരണ കോടതി ഉത്തരവിടുകയുണ്ടായി. മതിയായ രേഖകൾ സഹിതം വീണ്ടും അപേക്ഷ നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഈ മാസം 12നാണ് കേസ് പരിഗണിക്കുക.