ന്യൂദൽഹി- യുദ്ധം മൂലം മടങ്ങിയ മെഡിക്കൽ വിദ്യാർഥികളുടെ തുടർ പഠനത്തിന് ഉക്രൈന്റെ അയൽ രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഹംഗറി, റൊമാനിയ, ചെക്ക് റിപ്പബ്ലിക്, കസാഖ്സ്ഥാൻ, പോളണ്ട് എന്നീ രാജ്യങ്ങളുമായി ഉക്രൈനിൽ നിന്നു മടങ്ങിയ ഇന്ത്യ മെഡിക്കൽ വിദ്യാർഥികളുടെ വിദ്യാഭ്യാസം തുടരുന്നതുമായി ബന്ധപ്പെട്ടു ചർച്ച തുടരുകയാണ്.
മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥികൾക്ക് നാലാം വർഷത്തേക്കു കടക്കുന്നതിനായുള്ള ഉക്രൈനിയൻ മെഡിക്കൽ പരീക്ഷയായ കെആർഒകെ -1 അടുത്ത അധ്യയന വർഷത്തേക്കു മാറ്റി വെച്ചിട്ടുണ്ട്. കോഴ്‌സ് നിബന്ധനകൾ പൂർത്തിയാക്കിയിട്ടുള്ള വിദ്യാർഥികൾക്കാണ് നാലാം വർഷ പ്രവേശനം അനുവദിക്കുന്നത്. ആറാം വർഷത്തേക്കുള്ള പരീക്ഷയായ കെആർഒകെ-2 പരീക്ഷ നടത്താതെ വിദ്യാർഥികളുടെ അക്കാദമിക മൂല്യനിർണയം നടത്തി ബിരുദം നൽകാനാണ് യുക്രേനിയൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.