ന്യൂദല്‍ഹി - മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. ശിവസേന എം.പി സഞ്ജയ് റാവത്തിനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമീപകാല നടപടി, ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്ത 12 പേരുകള്‍ അംഗീകരിക്കുന്നതില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കാലതാമസം വരുത്തിയത് എന്നീ വിഷയങ്ങള്‍ താന്‍ ഉന്നയിച്ചതായി യോഗത്തിന് ശേഷം പവാര്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത പവാര്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഗവര്‍ണര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. 12 അംഗങ്ങളെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്ന വിഷയം അദ്ദേഹം തീര്‍പ്പാക്കിയിട്ടില്ല. ഈ പ്രശ്നങ്ങള്‍ ഞാന്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അവ പരിശോധിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കൂടിക്കാഴ്ച 20-25 മിനിറ്റ് നീണ്ടു.