ഭദൗര്‍- എം.എല്‍.എ ആയി തെരഞ്ഞെുക്കപ്പെട്ട മകന്‍ അമ്മ തൂപ്പുകാരിയായി ജോലി ചെയ്യുന്ന സ്‌കൂളില്‍ മുഖ്യാതിഥി ആയി എത്തി. ഇത് അഭിമാനകരമായ നേട്ടമാണെന്നും മകന്റെ പദവിയില്‍ ഏറെ സന്തോഷിക്കുന്നുവെന്നും അമ്മയുടെ പ്രതികരണം.
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട ലഭ് സിംഗ് ഉഗോകെയാണ് അമ്മ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്.
ഭദൗര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചരണ്‍ജിത് സിംഗ് ചന്നിയെ പരാജയപ്പെടുത്തി ഞെട്ടിച്ച ലഭ് സിംഗിന് നേരത്തെ മൊബൈല്‍ റിപ്പയര്‍ കടയിലായിരുന്നു ജോലി.
പത്രക്കാര്‍ ചുറ്റും കൂടിയപ്പോഴാണ് മകന്റെ അഭിമാന നേട്ടത്തോട് അമ്മ
ബല്‍ദേവ് കൗറിന്റെ പ്രതികരണം. കഴിഞ്ഞ 25 വര്‍ഷമായി താന്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നുവെന്നും മകന്റെ സ്ഥാനം ജോലി തുടരുന്നതിന് തടസ്സമല്ലെന്നും അവര്‍ പറഞ്ഞു. ഉഗോകെ ഗ്രാമത്തില്‍ ലഭ് സിംഗ് പഠിച്ചിരുന്ന സ്‌കൂളില്‍തന്നെയാണ് അമ്മ ജോലി നോക്കുന്നത്.
37,550 വോട്ടുകള്‍ക്കാണ് ഭദൗര്‍ സീറ്റില്‍ ലഭ് സിംഗ് ഉഗോകെ ചന്നിയെ പരാജയപ്പെടുത്തിയത്. 2013ല്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പിയില്‍ ചേര്‍ന്ന അദ്ദേഹം വളരെ വേഗത്തിലാണ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നത്.