കാണ്‍പൂര്‍-ഹരിദ്വാറിലെ സന്യാസിയും ശിഷ്യന്മാരും ചേര്‍ന്ന് കൂടോത്രം ചെയ്ത് മകളെ ആശ്രമത്തില്‍ പിടിച്ചുവെച്ചതായി മാതാപിതാക്കളുടെ പരാതി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍നിന്നുള്ള ദമ്പതികളാണ് സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചത്. മകളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നാണ് പരാതി.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ കാണ്‍പൂര്‍ പോലീസ് കമ്മീഷണര്‍ അസി.കമ്മീഷണര്‍ ബാബുപൂര്‍വയെ നിയോഗിച്ചു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ആശ്രമവുമായി തങ്ങള്‍ക്ക് ആറു വര്‍ഷമായി ബന്ധമുണ്ടെന്നും അവിടത്തെ കര്‍മങ്ങള്‍ക്ക് പോകാറുണ്ടെന്നും വ്യവസയായിയും ഭാര്യയും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം പൂനം കപൂറിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ബംഗളൂരുവിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് മകളും ആശ്രമത്തിലേക്ക് വന്നു തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ വശീകരണത്തിലൂടെ മകളെ ആശ്രമത്തില്‍ പാര്‍പ്പിച്ചിരിക്കയാണ്.
ഹരിദ്വാറിലെ ആശ്രമത്തിലെത്തി മകളെ കാണാന്‍ ആവശ്യപ്പെടുമ്പോള്‍ അനുവദിക്കുന്നില്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും വ്യവസായി പറയുന്നു.
വിഷയം അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം പൂനം കപൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.