ഇസ്‌ലാമാബാദ്- പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ഭാര്യയുടെ സുഹൃത്ത് വന്‍ സംഖ്യയുമായി പറന്നകുന്നുവെന്ന് പാക്കിസ്ഥാനിലെ പ്രതിപക്ഷം. അഴിമതിക്കേസില്‍ അറസ്റ്റ് ഭയന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ഭാര്യയുടെ സുഹൃത്ത് രാജ്യം വിട്ടത് കോടികളായിട്ടാണെന്ന് ആരോപണം. ഇംറാന്‍ ഖാന്റെ മൂന്നാം ഭാര്യ ബുഷ്‌റാ ബീവിയുടെ സുഹൃത്ത് ഫറ ഖാനാണ് അഴിമതിയാരോപണത്തിന് പിന്നാലെ രാജ്യം വിട്ടത്. ഇവര്‍ 90,000 ഡോളറുമായിട്ടാണ് മുങ്ങിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഫറാ ഖാന്‍ ആഡംബര വിമാനത്തില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഫോട്ടോ എപ്പോള്‍ എടുത്തതാണ് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല.
'ബുഷ്‌റയുടെ അടുത്തയാളായ ഫറ ഖാന്‍ രാജ്യം വിട്ടു. 90,000 ഡോളറുമായിട്ടാണ് അവര്‍ രാജ്യം വിട്ടിരിക്കുന്നത്' പാക്കിസ്താനിലെ പ്രതിപക്ഷ പാര്‍ട്ടിയായ പാക്കിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് നേതാവ് റോമിനാ കുര്‍ഷിദ് ആലം ട്വീറ്റ് ചെയ്തു. ബുഷ്‌റയുടെ ഭര്‍ത്താവ് അഹ്‌സന്‍ ജമീല്‍ ഗുജ്ജാര്‍ നേരത്തെ തന്നെ രാജ്യം വിട്ടിരുന്നു. അമേരിക്കയിലേക്കാണ് ഇവര്‍ പോയതെന്നാണ് റിപ്പോര്‍ട്ട്.
ഉദ്യോഗസ്ഥരുടെ ഇഷ്ടപ്രകാരം സ്ഥലം മാറ്റുന്നതിനും പുതുതായി നിയമിക്കുന്നതിനും കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഫറാ ഖാനെതിരെയുള്ള ആരോപണം. 'അഴിമതികളുടെ മാതാവ്' എന്നാണ് പ്രതിപക്ഷം ഫറാ ഖാനെ വിശേഷിപ്പിച്ചത്. 6 ബില്യണ്‍ പാക്കിസ്ഥാന്‍ രൂപയുടെ (32 മില്യണ്‍ ഡോളര്‍) അഴിമതി നടത്തി എന്നാണ് ഫറയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ ആരോപണം.