അബുദാബി- യു.എ.ഇയില്‍ റെസിഡന്‍സി വിസകള്‍ക്കുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നു. ഏപ്രില്‍ 11 മുതല്‍ പാസ്‌പോര്‍ട്ടിലെ പേപ്പര്‍ സ്റ്റിക്കറുകള്‍ക്ക് പകരം എമിറേറ്റ്‌സ് ഐഡി (ഇ.ഐ.ഡി) കാര്‍ഡുകള്‍ വഴി വിസ ഇഷ്യൂ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
വിസാ നടപടികളിലെ മാറ്റം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, നാഷണാലിറ്റി, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ സ്ഥിരീകരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
വിസ അപേക്ഷകളിലുള്ള നടപടികള്‍ കുറക്കുന്നത് അപേക്ഷാ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിസ പാസ്‌പോര്‍ട്ട് സ്റ്റിക്കറുകളില്‍ രേഖപ്പെടുത്തിയിരുന്ന എല്ലാ വിവരങ്ങളും ഇലക്ട്രോണിക് ആയി വായിക്കാവുന്ന വിധത്തില്‍ എമിറേറ്റ്‌സ് ഐ.ഡി കാര്‍ഡുകളിലുണ്ടാകും.
സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനയുള്ള മാറ്റങ്ങളുടെ ഭാഗമാണ് പുതിയ ഐഡി കാര്‍ഡ് വിസകളെന്ന് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് റകാന്‍ അല്‍ റാഷിദി പറഞ്ഞു.
ഏപ്രില്‍ 11 ന് ശേഷം നല്‍കുന്ന വിസകളിലാണ് മാറ്റമെങ്കിലും പഴയ വിസകളില്‍ നിന്നുള്ള വിവരങ്ങള്‍ സിറ്റിസണ്‍ഷിപ്പ് അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ലഭ്യമാകും.
സ്വദേശികള്‍ക്കും വിദേശ നയതന്ത്രജ്ഞര്‍ ഒഴികെയുള്ള എല്ലാ താമസക്കാര്‍ക്കും 2011 മുതല്‍ എമിറേറ്റ്‌സ് ഐഡി നിര്‍ബന്ധമാക്കിയിരുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍, പാര്‍പ്പിടം, ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍, ബാങ്കിംഗ്, നിയമനടപടികള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ക്ക് കാര്‍ഡ് ഉപയോഗിക്കാം.