ന്യൂദല്‍ഹി- റമദാന്‍ പ്രമാണിച്ച് മുസ്ലിം ജീവനക്കാര്‍ക്ക് ഏപ്രില്‍ നാലു മുതല്‍ മേയ് അഞ്ചു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും പകല്‍ രണ്ടു മണിക്കൂര്‍ അവധി നല്‍കി തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവ് ദല്‍ഹി ജല ബോര്‍ഡ് പിന്‍വലിച്ചു. ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയില്‍ സമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ മുസ്ലിം ജീവനക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ അവധി നല്‍കാന്‍ ബന്ധപ്പെട്ട ഡിഡിഒ/ കണ്‍ട്രോളിങ് ഓഫീസര്‍ക്ക് അനുമതി നല്‍കുന്നതായിരുന്നു തിങ്കളാഴ്ച ജല ബോര്‍ഡിന്റെ ഉത്തരവ്. എന്നാല്‍ ചൊവ്വാഴ്ച ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം മുന്‍ ഉത്തരവ് ഉടനടി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ബോര്‍ഡ് വ്യക്തമാക്കി.
മുന്‍ വര്‍ഷങ്ങളിലും റമദാനില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ഹ്രസ്വ അവധി അനുവദിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഈ അവധി റദ്ദാക്കുന്നതെന്ന് ജല ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു. ജീവനക്കാരുടെ യൂനിയന്റെ നിര്‍ദേശ പ്രകാരമാണ് ഈ അവധി അനുവദിച്ചു വരുന്നത്. യൂനിയനില്‍ ഭൂരിപക്ഷം അംഗങ്ങളും മുസ്ലിംകല്‍ പോലുമല്ല. ഈ അവധി ഉത്തരവിനു പിന്നില്‍ വര്‍ഗീയമോ മതപരമോ ആയ ഒന്നുമില്ലെന്നും ഒരു മുതിര്‍ന്ന ജല ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.
അവധി അനുവദിച്ച ഉത്തരവ് പിന്‍വലിക്കാനുള്ള നിര്‍ദേശം സെക്രട്ടേറിയറ്റ് തലത്തില്‍ നിന്നാണ് വന്നത്. പുതിയ ഉത്തരവ് ഇറക്കാനും നിര്‍ദേശം ലഭിച്ചു. എന്നാല്‍ മുസ്ലിം ജീവനക്കാര്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിന് വിലക്കില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Delhi Jal Board withdraws its circular dated 5th April 2022 for short leave to all its Muslim Employees during the days of Ramzan issued earlier. pic.twitter.com/7l3rDvkGOs
— Delhi Jal Board (@DelhiJalBoard) April 5, 2022