കോട്ടയം- ഡി.സി.സി പ്രസിഡന്റ് വിവാദത്തിനു പിന്നാലെ യു.ഡി.എഫ് ജില്ലാ ചെയർമാനെതിരെ വധഭീഷണിയെന്ന് പരാതി. കെ-റെയിൽ സമരത്തിൽ അധ്യക്ഷനായിരുന്ന യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലാണ് പരാതിക്കാരൻ. നാട്ടകം സുരേഷ് പക്ഷക്കാരനായ പ്രവർത്തകൻ തന്റെ കൈയ്യും കാലും വെട്ടുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി സജി കെ.പി.സി.സി പ്രസിഡന്റിനു പരാതിയും നൽകി.
സിൽവർലൈൻ പദ്ധതിക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്തു യു.ഡി.എഫ് നടത്തിയ പ്രതിഷേധ പരിപാടിയിൽനിന്നും കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പങ്കെടുക്കാതെ വിട്ടുനിന്നു. യോഗത്തിൽ അധ്യക്ഷനായിരുന്ന യു.ഡി.എഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റുമായ സജി മഞ്ഞക്കടമ്പനാണ് തനിക്ക് വധഭീഷണി വന്നതായി വെളിപ്പെടുത്തിയത്. നാട്ടകം സുരേഷിന്റെ പക്ഷക്കാരനായ പ്രവർത്തകൻ സജി മഞ്ഞക്കടമ്പനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതായി അദ്ദേഹം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പരാതി നൽകുകയും ചെയ്തു.
യു.ഡി.എഫ് ജില്ലാ ചെയർമാനും കൂടി അറിഞ്ഞുകൊണ്ടാണ് നാട്ടകം സുരേഷിനെ പരിപാടികളിൽ പങ്കെടുപ്പിക്കാത്തതെന്നും ആരോപിച്ചാണ് ഭീഷണി. നാട്ടകം സുരേഷിനെ പരിപാടികളിൽ പങ്കെടുപ്പിച്ചില്ലെങ്കിൽ കയ്യും കാലും വെട്ടുമെന്നാണ് ഭീഷണി. വിളിച്ച നമ്പറും ഓഡിയോയും ഉൾപ്പെടുത്തിയാണ് കെ.പി.സി.സി പ്രസിഡന്റിന് സജി മഞ്ഞക്കടമ്പൻ പരാതി നൽകിയിരിക്കുന്നത്.
യോഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡി.സ.സി അധ്യക്ഷനെ അറിയിച്ചിരുന്നതായി സജി മഞ്ഞക്കടമ്പിൽ പറഞ്ഞിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനവും നാട്ടകം സുരേഷിനെ അറിയിച്ചിരുന്നു. ഡി.സി.സി ഓഫീസിൽ വെച്ചായിരുന്നു യോഗം കൂടിയത്. പിന്നെയും പങ്കെടുക്കാതിരുന്നത് എന്താണ് എന്ന് അറിയില്ല എന്നും സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കിയിരുന്നു.
പ്രതിഷേധ പരിപാടിയിലേക്ക് തന്നെ സംഘാടകർ ക്ഷണിച്ചില്ലെന്നും ജില്ലയിലെ യു.ഡി.എഫ് പരിപാടികളിൽ വേണ്ട പരിഗണന നൽകുന്നില്ല എന്നും ആരോപിച്ചാണ് നാട്ടകം സുരേഷ് വിട്ടുനിന്നത്. അതേസമയം നാട്ടകം സുരേഷിന് കെ.പി.സി.സി ഷോക്കോസ് നോട്ടീസ് അയച്ചിരികുകയാണ്. പ്രതിപക്ഷ നേതാവ് പങ്കെടുത്ത കെ-റെയിൽ വിരുദ്ധ സമരത്തിൽനിന്നും വിട്ടുനിന്നതിനും പ്രതിപക്ഷ നേതാവിനെതിരെ പരസ്യപ്രസ്താവന നടത്തിയതിനുമാണ് കെ.പി.സി.സി പ്രസിഡന്റ് കോട്ടയം ഡി.സി.സി അധ്യക്ഷനോട് വിശദീകരണം ആരാഞ്ഞിരിക്കുന്നത്. ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പടെയുള്ള കോട്ടയത്തെ യു.ഡി.എഫ് നേതൃനിരയും നാട്ടകത്തോട് അതൃപ്തിയിലാണ്. നാട്ടകം പരിധി വിട്ടു എന്നാണ് ഇരുവരുടെയും നിലപാട്. നാട്ടകം സുരേഷിനെതിരെയുള്ള തുടർപരാതി വിഷയം വീണ്ടും വിവാദമാകുകയാണ്.
ഡി.സി.സി അധ്യക്ഷനായി ഹൈക്കമാന്റ് അപ്രതീക്ഷിതമായാണ് നാട്ടകം സുരേഷിനെ നിയമിച്ചത്. കെ. സുധാകരന്റെ നോമിനിയായാണ് നാട്ടകം കടന്നുവന്നതെന്നായിരുന്നു പാർട്ടിക്കുള്ളിലെ വാർത്ത. സുരേഷിനെ ഡി.സി.സി അധ്യക്ഷനാക്കിയത് എ ഗ്രൂപ്പിലെ വലിയ ഒരു വിഭാഗത്തിന് താൽപര്യമില്ലായിരുന്നു. ഡി.സി.സി പ്രസിഡന്റായ ശേഷം സുരേഷിന് ലഭിച്ച അവസരമായിരുന്നു കെ-റെയിൽ സമരം. ചങ്ങനാശ്ശേരി മാടപ്പള്ളിയിലും കോട്ടയം കുമാരനല്ലൂരിനു സമീപവും നടന്ന കെ-റെയിൽ വിരുദ്ധ സമരത്തിന്റെ മുൻനിരയിൽ നാട്ടകം ഉണ്ടായിരുന്നു.