കീവ്- ഒരു മാസത്തിലേറെയായി യുദ്ധം തുടരുന്ന ഉക്രൈനില്‍നിന്ന് പുറത്തുവരുന്നത് ഭീതിജനകമായ വാര്‍ത്തകള്‍. ആക്രമണത്തില്‍ ജീവന്‍ നഷ്ടമായാല്‍ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താനും തിരിച്ചറിയാനുമായി അവരുടെ പുറത്ത് പേരും മേല്‍വിലാസവും എഴുതിവയ്ക്കുകയാണ് ഉക്രൈനിലെ അമ്മമാര്‍.
'തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മകളെ സ്വീകരിക്കാന്‍ ആരെങ്കിലും തയാറാകണം'- പുറത്ത് മേല്‍വിലാസം എഴുതിയ കുട്ടിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഉക്രൈനിലെ ഒരു യുവതി ട്വീറ്റ് ചെയ്തു. കുട്ടിയുടെ ജനന തീയതി, കുടുംബാംഗത്തിന്റെ മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രാദേശിക ഭാഷയില്‍ കുട്ടിയുടെ പുറത്ത് എഴുതിവെച്ചാണ് സാഷ മകോവി എന്ന യുവതി ചിത്രം പങ്കുവച്ചത്.
യുദ്ധത്തിന്റെ യാഥാര്‍ഥ്യം ഇതാണെന്ന് ചൂണ്ടിക്കാട്ടി ഉക്രൈനിലെ നിരവധി മാധ്യമപ്രവര്‍ത്തകരാണ് കരളലിയിക്കുന്ന ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. ഹൃദയഭേദകമായ കാഴ്ചയാണിതെന്നും പറയാന്‍ വാക്കുകളില്ലെന്നും ചിത്രം പങ്കുവച്ച് നിരവധി പേര്‍ കുറിച്ചു.
ഉക്രൈനിലെ കുഞ്ഞുങ്ങളെ യുദ്ധമുഖത്ത് റഷ്യന്‍ സൈന്യം മനുഷ്യകവചമാക്കി മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഉക്രൈന്‍ സേനയുടെ പ്രത്യാക്രമണം തടയാന്‍ വിവിധ നഗരങ്ങളിലേക്ക് നീങ്ങുന്ന യുദ്ധ ടാങ്കിന് മുന്നില്‍ കുട്ടികളെ നിറച്ച ബസ് ഓടിച്ചാണ് റഷ്യന്‍ സേന നിങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.