മുംബൈ- പത്ര ചൗള്‍ പദ്ധതി പുനര്‍നിര്‍മ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധ നിയമപ്രകാരം (പിഎംഎല്‍എ) ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്ത് ഉള്‍പ്പെടെ മൂന്ന് പേരുടെ 11.15 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) താല്‍ക്കാലികമായി കണ്ടുകെട്ടി. ഹൗസിംഗ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ സബ്സിഡിയറിയാണ് മുംബൈയിലെ ചൗള്‍ പദ്ധതി.
വ്യവസായി പ്രവീണ്‍ റൗട്ട്, സഞ്ജയ് റാവുത്തിന്റെ അടുത്ത അനുയായി സുജിത് പട്കറുടെ ഭാര്യ സ്വപ്ന പട്കര്‍ എന്നിവരാണ് സ്വത്തുക്കള്‍ താല്‍കാലികമായി കണ്ടുകെട്ടിയ മറ്റ് വ്യക്തികള്‍.
മുംബൈയിലെ ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മുന്‍ ഡയറക്ടര്‍ പ്രവീണ്‍ എം. റാവത്തിന്റെ കൈവശമുള്ള ഭൂമി, വര്‍ഷ റാവുത്തിന്റെ ദാദറിലെ ഫ്‌ളാറ്റ്, അലിബാഗിലെ കിഹിം ബീച്ചിലെ പ്ലോട്ടുകള്‍ എന്നിങ്ങനെയാണ് കണ്ടുകെട്ടിയ സ്വത്തുക്കള്‍. സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവുത്തും സുജിത് പട്കറുടെ ഭാര്യ സ്വപ്ന പട്കറും സ്വത്തുക്കള്‍ സംയുക്തമായി കൈവശം വച്ചിട്ടുണ്ട്.
ഫെബ്രുവരി നാലിന് പിഎംഎല്‍എ പ്രകാരം കേന്ദ്ര ഏജന്‍സി പ്രവീണ്‍ റാവത്തിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രവീണ്‍ എച്ച്.ഡി.ഐ.എല്ലില്‍നിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്നും അത് സഞ്ജയ് റാവത്തിന്റെ കുടുംബം ഉള്‍പ്പെടെയുള്ള 'തന്റെ അടുത്ത കൂട്ടാളികള്‍, കുടുംബാംഗങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍' എന്നിവയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വഴിതിരിച്ചുവെന്നും കണ്ടെത്തിയിരുന്നു.