ഗാന്ധിനഗര്‍- ദീര്‍ഘകാലം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും അണിയറയില്‍ കോണ്‍ഗ്രസിന്റെ പ്രധാന ട്രബ്ള്‍ഷൂട്ടറുമായിരുന്നു 2020ല്‍ അന്തരിച്ച അഹ്‌മദ് പട്ടേല്‍. എന്നാല്‍ പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേല്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. അടുത്ത വര്‍ഷം ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനിടെ ഫൈസല്‍ മറ്റൊരു പാര്‍ട്ടിയിലൂടെ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യൂഹവുമുണ്ട്. ഈയിടെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളുമായി ഫൈസല്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതാണ് അഭ്യൂഹം ശക്തമാകാന്‍ കാരണം.
ഇതിനിടെയാണ് കോണ്‍ഗ്രസില്‍ ചേരാന്‍ കാത്തിരിന്നു മടുത്തുവെന്ന് ഫൈസല്‍ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തത്. പാര്‍ട്ടിയുടെ ഉന്നതരില്‍ നിന്ന് ഒരു പ്രോത്സാഹനവും ഇല്ല. ഇനിയും കാത്തിരക്കുമെന്നും ഫൈസല്‍ പറയുന്നു.
ഏതു പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനമായിട്ടില്ലെങ്കിലും സ്വന്തം നിലയില്‍ പ്രവര്‍ത്തനങ്ങളുമായി ഫൈസല്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഏപ്രില്‍ ഒന്നു മുതല്‍ ഭറുച്ച്, നര്‍മദ ജില്ലകളിലെ ഏഴു മണ്ഡലങ്ങളില്‍ പര്യടനം നടത്തുമെന്ന് ഫൈസല്‍ പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പഠിച്ച് വിലയിരുത്തുമെന്നും ഏഴു സീറ്റുകളും നേടുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം നേരത്തെ ഒരു ട്വീറ്റിലൂടെ അറിയിച്ചിരുന്നു.
Tired of waiting around. No encouragement from the top brass. Keeping my options open
— Faisal Patel (@mfaisalpatel) April 5, 2022