Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്രീലങ്കയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി; ധനമന്ത്രിയും രാജിവച്ചു

കൊളംബോ- ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ നേതൃത്വത്തിലുള്ള ഭരണ മുന്നണിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി. ചൊവ്വാഴ്ച പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയതിനു തൊട്ടുപിന്നാലെ 41 എംപിമാര്‍ ഭരണ സഖ്യത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തിങ്കളാഴ്ച ചുമതലയേറ്റ് പുതിയ ധനമന്ത്രി അലി സാബ്രിയും രാജിവച്ചു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് രാജപക്‌സെ കുടുംബത്തിനെതിരെ പൊതുജന രോഷം ആളിക്കത്തുകയാണ്. ഭൂരിപക്ഷം നഷ്ടമായതോടെ സര്‍ക്കാരിന് നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ഇനി പ്രയാസമായിരിക്കും. കേവല ഭൂരിപക്ഷം 113 ആണ്. 41 എംപിമാര്‍ പിന്മാറിയതോടെ ഭരണമുന്നണിയായ പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്റെ അംഗ ബലം 105 ആയി ചുരുങ്ങി.

ഗോട്ടബയ ഗോ ഹോം എന്ന മുദ്രാവാക്യവുമായി രാജ്യത്ത് പലയിടത്തും ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രസിഡന്റിന്റേയും സര്‍ക്കാരില്‍ ഉന്നതരായ രാജപക്‌സെ കുടുംബാംഗങ്ങളുടേയും വീടുകള്‍ക്ക് സമീപം വലിയ പ്രതിഷേധങ്ങളാണ് നടന്നു വരുന്നത്. ഗോട്ടബയയുടെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെയുടെ വീടിനു സമീപം തിങ്കളാഴ്ച രണ്ടായിരത്തോളം പ്രതിഷേധക്കാരാണ് മുദ്രാവാക്യം വിളികളുമായി ഒത്തുകൂടിയത്. ഇവര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മാര്‍ച്ച് ചെയ്തു. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കൊളംബോയിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയറിലടക്കം പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്.

പ്രസിഡന്റ് പദവി ഒഴിയില്ലെന്ന് നേരത്തെ ഗോട്ടബയ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നവര്‍ക്ക് ഭരണം കൈമാറാന്‍ അദ്ദേഹം ഒരുക്കമാണെന്നും റിപോര്‍ട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നിട്ടില്ല. പ്രസിഡന്റ് ഗോട്ടബയയുടെ സഹോദരന്‍ ബാസില്‍ രാജപക്‌സെയുടെ പകരക്കാരനായാണ് അലി സാബ്രിയെ കഴിഞ്ഞ ദിവസം ധനമന്ത്രിയായി നിയമിച്ചത്. നേരത്തെ നിയമ മന്ത്രിയായിരുന്ന അലി ഏപ്രില്‍ മൂന്നിനാണ് ഈ പദവി രാജിവച്ചത്.

Latest News