Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ കാവല്‍ പ്രധാനമന്ത്രിയുടെ പേരു നിര്‍ദേശിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ്

ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ കാവല്‍ പ്രധാനമന്ത്രിയുടെ പേര് നിര്‍ദേശിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ്. മുന്‍ ജസ്റ്റിസ് ഗുല്‍സാര്‍ അഹ്്മദിനെയാണ് ഇടക്കാല പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് കാവല്‍ പ്രധാനമന്ത്രിയെ നിയോഗിക്കണമെന്നും ഇതിനായുള്ള പേരുകള്‍ മൂന്ന് ദിവസത്തിനകം നല്‍കണമെന്നും പ്രസിഡന്റ് ആരിഫുര്‍ റഹ്മാന്‍  അലവി ആവശ്യപ്പെട്ടിരുന്നു.


പ്രധാനമന്ത്രി ഇംറാന്‍ ഖാനെ പുറത്താക്കാനുള്ള പ്രതിപക്ഷ നീക്കം തടഞ്ഞ നടപടികളുടെ നിയമസാധുത സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഇന്ന് വാദം തുടരും. കഴിഞ്ഞ ദിവസം ഇരുഭാഗത്തിന്റേയും വാദം കേട്ടിരുന്നുവെങ്കിലും കോടതി തീരുമാനമെടുത്തിരുന്നില്ല.
ഇംറാന്‍ ഖാന്റെ നടപടികളെ ചോദ്യം ചെയ്ത് പ്രതിപക്ഷം സമര്‍പ്പിച്ച ഹരജിയില്‍
നിറഞ്ഞ കോടതി മുറിയിലാണ് അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് വാദം കേട്ടത്. മൂന്ന് മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട ഇംറാന്‍ ഖാന്‍ ഞായറാഴ്ച അവിശ്വാസ വോട്ടിലൂടെ പുറത്താകുമെന്നാണ് പരക്കെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവിശ്വാസ പ്രമേയം ഇംറാന്‍ ഖാന്റെ പാര്‍ട്ടി അംഗമായ പാര്‍ലമെന്റിലെ ഡെപ്യൂട്ടി സ്പീക്കര്‍ റദ്ദാക്കുകയായിരുന്നു. സര്‍ക്കാരിനെ പുറത്താക്കാനുള്ള നീക്കം വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കി ആയിരുന്നു അദ്ദേഹത്തിന്റെ നടപടി. തുടര്‍ന്ന് പ്രധാനമന്തിയുടെ ശുപാര്‍ശ പ്രകാരം പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു.
ഹരജികളില്‍ സുപ്രീം കോടതി എന്ത് തീരുമാനമെടുത്താലും പാക്കിസ്ഥാന്‍ പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കയാണ്. 2023ലാണ് നിലവിലെ പാര്‍ലമെന്റിന്റെയും പ്രധാനമന്ത്രിയുടെയും കാലാവധി പൂര്‍ത്തിയാകേണ്ടിയിരുന്നത്.
സുപ്രീം കോടതിയില്‍ ഇംറാന്‍ ഖാന്‍ ജയിച്ചാല്‍ 90 ദിവസത്തിനകം വോട്ടെടുപ്പ് നടക്കും. നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷവും ആഗ്രഹിക്കുന്നത്. അവിശ്വാസ വോട്ട് തടഞ്ഞ ഇംറാന്‍ ഖാന്റെ നടപടിയെ രാജ്യദ്രോഹമെന്നാണ് പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ് വിശേഷിപ്പിച്ചത്. പാര്‍ലമെന്റില്‍ ഇംറാന്‍ പരാജയപ്പെടുമെന്നായിരുന്നു നിരീക്ഷകരടക്കം എല്ലാവരുടേയും കണക്കുകൂട്ടല്‍. രാഷ്ട്രം സ്തംഭിച്ചുപോയെന്നായിരുന്നു ഇന്നലെ പാക് പത്രങ്ങളുടെ തലക്കെട്ട്.
മന്ത്രിസഭ പിരിച്ചുവിട്ട ഇംറാന്‍ ഖാന്‍ 90 ദിവസത്തിനുള്ളില്‍  പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടതെങ്കിലും തീരുമാനം ഔദ്യോഗികമായി കൈക്കൊള്ളേണ്ടത് പ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്. ഇക്കാര്യത്തിലുള്ള തീരുമാനം സുപ്രീം കോടതി വിധിയെ ആശ്രയിച്ചിരിക്കുന്നു.
തെരഞ്ഞെടുപ്പ് നടക്കുമോ എന്നത് പ്രധാനമായും നിയമനടപടികളുടെ ഫലത്തെ ആശ്രയിച്ചാണിരിക്കുന്നത്.
ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയാല്‍ പാര്‍ലമെന്റ് പുനഃസംഘടിപ്പിക്കാനോ പുതിയ തെരഞ്ഞെടുപ്പ് നടത്താനോ ഇംറാന്‍ ഖാന്‍ വീണ്ടും മത്സരിക്കുന്നതില്‍നിന്ന് വിലക്കാനോ സുപ്രീം കോടതിക്ക് ഉത്തരവിടാം.
പാര്‍ലമെന്ററി കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നും കോടതിക്ക് തീരുമാനിക്കാം.
ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് തന്നെ പുറത്താക്കാനുള്ള നീക്കത്തെ അമേരിക്ക ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്ന് വിശേഷിപ്പിക്കുന്ന ഇംറാന്‍ ഖാന്‍ അവകാശപ്പെടുന്നത്.  

 

 

 

Latest News