Sorry, you need to enable JavaScript to visit this website.

ലുക്കൗട്ട് നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു; റാണ അയൂബിന് വിദേശ യാത്രാ അനുമതി

മുംബൈ- ഗുജറാത്ത് കലാപത്തെ കുറിച്ച് പുസ്തകമെഴുതുകയും ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രവണതകളെ കുറിച്ച് നിരന്തരം എഴുതുകുയം ചെയ്യുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണ അയൂബിന്റെ വിദേശ യാത്ര തടയാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഇറക്കിയ ലുക്കൗട്ട് സര്‍ക്കുലര്‍ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. വ്യക്തമായ കാരണങ്ങളില്ലാതെ തിരക്കിട്ടാണ് ഇ.ഡി ലുക്കൗട്ട് നോട്ടീസ് ഇറക്കിയതെന്ന് കോടതി പറഞ്ഞു. ഈ ലുക്കൗട്ട് നോട്ടീസില്‍ മെരിറ്റ് ഇല്ലെന്നും ഹരജിക്കാരിയുടെ മനുഷ്യാവകാശത്തെ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇതു സ്റ്റേ ചെയ്തത്.  റാണ അയൂബിന് വിദേശ യാത്ര ചെയ്യാന്‍ കോടതി അനുവദിക്കുകയും ചെയ്തു. 

ഒരു വ്യക്തിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് ഇറക്കുന്നതാണ് ലുക്കൗട്ട് നോട്ടീസ്. പ്രതി മനപ്പൂര്‍വം അറസ്റ്റില്‍ നിന്നും നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും മുങ്ങി നടക്കുകയോ അല്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ടെങ്കിലോ ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുക. എന്നാല്‍ ഈ കേസില്‍ ഇ.ഡി ആവശ്യപ്പെട്ടപ്പോഴെല്ലാം റാണ അയൂബ് നേരിട്ട് ഹാജരായിട്ടുണ്ട്. ഇനി ഹാജരാകില്ല എന്നു സംശയിക്കാന്‍ തക്കതായി ഒരു കാരണവും ഇല്ല. മാത്രവുമല്ല ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ലുക്കൗട്ട് നോട്ടീസിന് ഒരു അടിസ്ഥാനവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ ലുക്കൗട്ട് നോട്ടീസ് റാണയുടെ സഞ്ചാര സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഹനിക്കുന്നതാണെന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിങ് ചൂണ്ടിക്കാട്ടി. 

ചാരിറ്റിയുടെ പേരില്‍ കള്ളപ്പണ ഇടപാടി നടത്തിയെന്നാണ് റാണ അയൂബിനെതിരായ ഇ.ഡി കേസ്. റാണയുടെ അക്കൗണ്ടും നിക്ഷേപവും ഇ.ഡി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആരോപണങ്ങളെല്ലാം റാണ തള്ളിയിട്ടുണ്ട്. കിറ്റോ എന്ന ചാരിറ്റി പോര്‍ട്ടല്‍ വഴി പിരിച്ചെടുത്ത പണം പൂര്‍ണമായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെന്നും ഇതിനെല്ലാം രേഖകളുണ്ടെന്നും റാണ മറുപടി നല്‍കിയിരുന്നു. 

ഈ കേസ് പുരോഗമിക്കുന്നതിനിടെ മാര്‍ച്ച് 29ന് ലണ്ടനിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തില്‍ വിമാന കയറാനിരിക്കുന്നതിന്റെ മിനിറ്റുകള്‍ക്ക് മുമ്പാണ് പുതിയൊരു ലുക്കൗട്ട് നോട്ടീസിറക്കി ഇ.ഡി റാണയുടെ യാത്ര തടഞ്ഞത്. അതുവരെ ഇല്ലാതിരുന്ന ലുക്കൗട്ട് നോട്ടീസ് പെട്ടെന്ന് ഇറക്കി യാത്ര തടഞ്ഞ നടപടിക്കെതിരെ റാണ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനാല്‍ തനിക്കെതിരെ നടക്കുന്ന പ്രതികാര നടപടികളാണെന്ന് റാണ നേരത്തെ ആരോപിച്ചിരുന്നു.
 

Latest News