Sorry, you need to enable JavaScript to visit this website.

ബി.ജെ.പി ഭരണത്തില്‍ പോലീസ് സ്‌റ്റേഷന്‍ മുതല്‍ കലക്ടറേറ്റുകള്‍ വരെ അഴിമതിയുടെ താവളം- അഖിലേഷ് യാദവ്

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ ബി.ജെ.പി.യെ രൂക്ഷമായി കടന്നാക്രമിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
ബി.ജെ.പി ഭരണത്തില്‍ പോലീസ് സ്‌റ്റേഷനുകളും തഹസില്‍ ഓഫീസുകളും കലക്‌ട്രേറ്റുകളും അഴിമതിയുടെ താവളങ്ങളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സീറോ ടോളറന്‍സ് നയം  കപടമാണ്. അധികാരത്തണലില്‍ നിരപരാധികളെയും പാവപ്പെട്ടവരെയും അടിച്ചമര്‍ത്തുകയാണ്.കര്‍ഷകരുടെ മേലാമ് ബുള്‍ഡോസര്‍ ഓടിക്കുന്നതെന്നും അഖിലേഷ് യാദവ് പ്രസ്താവനയില്‍ പറഞ്ഞു.
നുണകളുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോഴും നേട്ടങ്ങളുടെ അവകാശവാദം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കിയെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ആര്‍ക്കൊക്കെ ജോലി ലഭിച്ചു, എവിടെയെന്നത് സംബന്ധിച്ച വിവരങ്ങള്‍ നാളിതുവരെ പരസ്യമാക്കിയിട്ടില്ല. ഇപ്പോള്‍ 100 ദിവസത്തിനുള്ളില്‍ 10,000 തൊഴിലവസരങ്ങള്‍ നല്‍കുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്.  അവരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം എല്ലാവര്‍ക്കും അറിയാം. പുതിയ പ്രഖ്യാപനങ്ങള്‍ വെറും തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മ കാരണം ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന യുവാക്കളുടെ തൊഴിലിന്റെ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ തീര്‍ത്തും നിസംഗത പുലര്‍ത്തുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. മുദ്രാവാക്യം ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് ബി.ജെ.പി നേതൃത്വത്തിന്റെ വൈദഗ്ധ്യം. ഉത്തര്‍പ്രദേശില്‍ വിദ്വേഷം പടര്‍ത്തി അതിക്രമങ്ങള്‍ അനുവദിച്ചതിന് ബി.ജെ.പി ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.  സമൂഹത്തെ വിഭജിച്ച് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുകയാണ് ബി.ജെ.പിയുടെ അജണ്ടയെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് ആരോപിച്ചു.

 

Latest News