ന്യൂദൽഹി- റഷ്യയുടെ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് ഇന്ത്യയോട് ആവശ്യപ്പെടാൻ ജർമനി ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യയിലെ ജർമൻ സ്ഥാനപതി വാൾട്ടർ ജെ ലിൻഡ്നർ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ബന്ധപ്പെടാൻ കഴിയുന്ന ആർക്കും ഉക്രെയ്നിലെ യുദ്ധം ഇല്ലാതാക്കാൻ സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലെ പല രാജ്യങ്ങളും റഷ്യൻ എണ്ണയെയും കൽക്കരിയെയും ആശ്രയിക്കുന്നുവെന്നത് നിഷേധിക്കാനാവില്ല. പുടിൻ ഒരു ദിവസം അയൽരാജ്യത്തെ ആക്രമിക്കുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ഞങ്ങൾ ഇതിനകം തന്നെ റഷ്യയിൽനിന്ന് ഇറക്കുമതി വൻതോതിൽ കുറക്കാൻ ആഗ്രഹിക്കുകയാണ്. ഈ വർഷം അവസാനത്തോടെ എണ്ണയുടെ ആശ്രിതത്വം പൂജ്യം ശതമാനമായി കുറയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
യുദ്ധസമയത്ത് ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഓരോ രാജ്യത്തിനും അതിന്റേതായ ഭൂതകാലവും അതിന്റേതായ ആശ്രിതത്വവുമുണ്ടെന്നായിരുന്നു മറുപടി. ഞങ്ങൾ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. യുദ്ധം നിർത്താൻ ഉപയോഗിക്കാമെങ്കിൽ ഞങ്ങൾ അത് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.