Sorry, you need to enable JavaScript to visit this website.

തൃണമൂല്‍ മതിയായി, ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ മുന്‍ നേതാവ് ആംആദ്മിയിലേക്ക്

ന്യൂദല്‍ഹി- ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് അശോക് തന്‍വാര്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നു. എഎപി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം ആം ആദ്മി പാര്‍ട്ടിയില്‍  ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഹരിയാനയിലെ സിര്‍സയില്‍ നിന്നുള്ള മുന്‍ എം.പിയായ അശോക് തന്‍വര്‍ 2019ലാണ് കോണ്‍ഗ്രസ് വിട്ടത്. 2021 നവംബറില്‍ തൃണമൂല്‍ കോണ്‍ഗ്രസില് ചേരുന്നതിനു മുമ്പ്  അപ്‌ന ഭാരത് മോര്‍ച്ച എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു.
ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എച്ച്പിസിസി) പ്രസിഡന്റായിരുന്ന അദ്ദേഹം യൂത്ത് കോണ്‍ഗ്രസിന്റെയും പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍.എസ്.യുവിന്റെയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2024 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹരിയാനയില്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി. അശോക് തന്‍വറിന്റെ വരവ്  പാര്‍ട്ടിക്ക് വലിയ ഉത്തേജനമാകുമെന്നാണ് വിലയിരുത്തുന്നത്.

പഞ്ചാബിലെ പാര്‍ട്ടിയുടെ വന്‍ വിജയത്തിന് ശേഷം കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയില്‍നിന്നും നിരവധി പ്രാദേശിക നേതാക്കള്‍ എ.എ.പിയില്‍ ചേരുന്നുണ്ട്.

 

 

Latest News