Sorry, you need to enable JavaScript to visit this website.

കര്‍ഷക കൊല; മന്ത്രിപുത്രന്റെ കുറ്റം ഗൗരവമേറിയതു തന്നെ, രാജ്യം വിടുമെന്ന ആശങ്കയില്ലെന്ന് യു.പി സര്‍ക്കാര്‍

ന്യൂദല്‍ഹി- ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ  കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയതിനെതിരെ  അപ്പീല്‍ ഫയല്‍ ചെയ്യാത്ത യു.പി. സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശം. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, കേന്ദ്രമന്ത്രി അജയ് മിശ്രയുടെ  മകനായ ആശിഷ് മിശ്ര ചെയ്ത കുറ്റം ഗൗരവമേറിയതാണെങ്കിലും രാജ്യം വിട്ട് പോകുമെന്ന ആശങ്കയില്ലെന്ന് യു.പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ  കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ നല്‍കിയ ഹരജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി.

ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കണമെന്ന് ലഖിംപുര്‍ ഖേരി കൂട്ടക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചുവരികയാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനി കോടതിയെ അറിയിച്ചു.

സാക്ഷികള്‍ക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തത്. കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യു.പി. സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

 

Latest News