ഒരിടത്തു കുഴിയുണ്ടെങ്കിൽ കുന്നുമുണ്ട്; മറിച്ചും. വ്യാപാര വ്യവസായ സൗഹൃദ സംസ്ഥാനമാകാൻ വേണ്ടി രാവും പകലും കഷ്ടപ്പെടുന്നുണ്ട് നമ്മുടെ സർക്കാർ. കെ. റെയിൽ വന്നു കിട്ടിയാലുടനെ വ്യവസായവും വരും. പല സർക്കാർ ജീവനക്കാരും ഓഫീസുകളിൽ വൈകിയെത്തുന്നത് ട്രെയിനിന് സ്പീഡ് കുറവായതിനാലാണ്. അടുത്ത തലമുറ ജീവനക്കാരെങ്കിലും 'നേരത്തും കാലത്തും' ജോലിക്കെത്തണം. ഉള്ളി, തക്കാളി ഇനങ്ങളെല്ലാം കാസർകോട്ടു നിന്നും തീവണ്ടിയിൽ കയറ്റി അയച്ചാൽ തലസ്ഥാനത്ത് എത്തുമ്പോഴും നല്ല പളുങ്കുമണി പോലെ തന്നെയുണ്ടാകും. ഇതൊന്നുമറിയാതെയാണ് സിൽവർ ലൈൻ പ്രതിഷേധം. ബുധനാഴ്ച രാവിലെ പതിവുപോലെ പത്രവും പാൽക്കാരനും കെ. റെയിലിന്റെ കല്ലുവണ്ടിയും വന്നെത്തും മുമ്പേ തന്നെ ചില വീട്ടുകാർ ഗ്യാസ് സിലിണ്ടറും തീപ്പെട്ടിയും എടുത്തു വരാന്തയിൽ വെച്ചു സർക്കാരിനെ പേടിപ്പിച്ചു കളഞ്ഞു. ധൈര്യമുള്ളവർ സിൽവർ ലൈനും ചുമന്നോണ്ട് ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കൊല്ലം ജില്ലയുടെ നില. ശതമാനമാണെങ്കിൽ 44. എരിതീയിൽ എണ്ണയൊഴിക്കരുത് എന്നാണ് പഴഞ്ചൊല്ല്. ഇന്ന് സ്ഥാനം സിലിണ്ടറും തീപ്പെട്ടിയു കൈയടക്കി. ഈ നെടുനീളൻ സർവേക്കു പകരം കേരളമൊട്ടാകെ നെല്ലുവിതച്ച് പാടവരമ്പ് കോരാമായിരുന്നു. അല്ലെങ്കിൽ തേന്മാവിൽ തൈകൾ വെച്ചു പിടിപ്പിക്കാമായിരുന്നു. പക്ഷേ, ധനകാര്യ മേലാളന്മാരുടെ നോട്ടത്തിൽ സിൽവർ ലൈനാണ് ലാഭകരം. അതു സുസ്ഥിര വികസനവും സുസ്ഥിര കൃഷിയുമാണ് ഒരേ സമയം. ആംഗല ഭാഷ അറിയാത്തവർ ആസൂയ പൂണ്ടു പലതും പറയും. യു.ഡി.എഫിനു മൊത്തമായും കെ. സുരേന്ദ്രനും വി. മുരളീധരനും ചില്ലറയായും ഇംഗ്ലീഷ് അറിയില്ല. കല്ലു പിഴുതെറിയാൻ നടക്കുന്നവർ ഡി.പി.ആർ മനസ്സിലാകില്ല. അജ്ഞത മാറ്റാതെ വികസനം എങ്ങനെ നടക്കും? അതിനാൽ, സി.പി.എം വീടുകൾ തോറും കയറിയിറങ്ങി സിൽവർ ലൈൻ പാഠങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കും. ഇടയ്ക്കു കയറി സംശയമൊന്നും ചോദിക്കരുത്. പിന്നീടെന്തു സംഭവിക്കുമെന്നു പ്രവചിക്കാൻ കഴിയില്ല. കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ സഖാവ് ചില്ലറക്കാരനല്ല. അദ്ദേഹം ബോധവൽക്കരണം നടത്തിയ ശേഷം അദ്ഭുതപ്പെട്ടു പേയത്രേ! സിൽവർ ലൈൻ വരാൻ എന്താണിത്ര വൈകുന്നതെന്നാണ് പല കുടുംബങ്ങളുടെയും ചോദ്യം! അതു സഖാവിന്റെ തലമുടിയെ ഉപദേശിച്ചല്ലെന്നു കരുതാം. റെയിൽവേ ലൈനിന് ഇരുവശവും താമസിക്കുന്നവർ പാളങ്ങളിലേക്ക് ഇറങ്ങി നിന്നാണത്രേ ബോധവൽക്കരണ സഖാക്കളെ സ്വാഗതം ചെയ്തത്. അവരെ പിടിച്ചു കയറ്റുന്ന ജോലിയും സഖാക്കൾ ഏറ്റെടുത്തു. കൈവശം ചെങ്കൊടിയുണ്ടായതു നന്നായി. വീശി കാണിച്ചാൽ ട്രാക്കോ പൈലറ്റിനു കാര്യം പിടികിട്ടും. വികസനം വരുന്ന ട്രാക്കിൽ വഴി തടയുന്നവർക്ക് വണ്ടി അടുത്തെത്തുമ്പോൾ പിന്തിരിഞ്ഞോടേണ്ടിവരു'മെന്ന തത്വചിന്ത കൂടി മോഹനൻ സഖാവ് പങ്കിടാൻ മടിച്ചില്ല. ഏതായാലും തുടക്കം നന്നായി. ഈ അഖില കേരള ബോധവൽക്കരണം പൂർത്തിയാകുന്നതോടെ, തോപ്പിൽ ഭാസിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിന്റെ അവസാന രംഗം ആവർത്തിച്ചേക്കും. 'ആ കൊടിയിങ്ങുതാ, ഞാനൊന്നു പിടിച്ചോട്ടെ' എന്നു പറയാൻ കാരണവന്മാർ ഇറങ്ങിപ്പുറപ്പെടും എന്നാണ് കരുതപ്പെടുന്നത്. 'നിങ്ങളെന്നെ സിൽവർ കമ്യൂണിസ്റ്റാക്കി' എന്നൊരു പാരി നാടകമെഴുതി അവതരിപ്പിക്കണമെന്ന് കെ.പി.സി.സിക്കു കലശാലയ മോഹമുണ്ട്. പക്ഷേ 'സംസ്‌കാര സാഹിതി'യുടെ തളർവാതം മോഹത്തേക്കാൾ കലശലായിപ്പോയി!
**** **** ****
കോൺഗ്രസുകാരെ സഹിക്കാം; അവർക്കു സ്വന്തം പാർട്ടി ഫണ്ടിന്റെ കാര്യം പോലും അറിയില്ല. പിരിച്ചതെത്ര, സ്വന്തം പോക്കറ്റിൽ പോയതെത്ര എന്നു പ്രത്യേക പരിധിയൊന്നുമില്ല. അതിൽ അവർ തമ്മിൽ അഭിപ്രായ വ്യത്യാസവുമില്ല. എന്തിനേറെ, മൊത്തം കെ.പി.സി.സി മെമ്പറന്മാർ എത്രയെന്നു ചോദിച്ചുനോക്കൂ; പിന്നൊരു ഖദർവാലയെയും അവിടെങ്ങും കാണില്ല. അതുകൊണ്ടു തന്നെ, സുധാകര- സതീശ നേതൃത്വത്തിന്റെ കെ. റെയിൽ സമരത്തെ അത്ര കണ്ട് ഭയപ്പെടേണ്ടതുമില്ല പിണറായി സർക്കാർ. നാട്ടുകാരുടെ പിന്നിൽ അവരൊന്നുമല്ല. മറ്റൊരൊക്കെയോ ഉണ്ട്. തീവ്രവാദികളും വിദേശ ചാരന്മാരുമുണ്ടെന്ന് എടുത്തുവീശാനുള്ള സമയം എത്തിയിട്ടില്ല. പക്ഷേ ഇടതുപക്ഷം തന്നെ വളർത്തി വലിയവരാക്കിയ ചില സാമ്പത്തിക ബുദ്ധിജീവികളാണ് തലവേദന. അമ്പതു ഇത്തരം വമ്പമാരുടെ കമന്റുകൾ ഒന്നിച്ചാണ് 'വാട്‌സ്ആപ്' പോലുളള സമൂഹ മാധ്യമ വേദികളിൽ പൊങ്ങുന്നത്. സി.ഡി.എസിന്റെ മുൻതലൈവൻ കെ.പി. കണ്ണന്റെ ഗവേഷണത്തിൽ സിൽവർ ലൈൻ മാസം തികഞ്ഞു പ്രസവിക്കണമെങ്കിൽ 127 വർഷമെങ്കിലും വേണ്ടിവരും! കൊച്ചി മെട്രോയുടെ പ്രസവ കാലാവധിയെ പല തവണ ഗണിച്ച ശേഷമാണദ്ദേഹത്തിന്റെ പ്രഖ്യാപനം. വാഗ്ദാനം ചെയ്യുന്ന ഒരു തൊഴിലവസത്തിന്റെ സൃഷ്ടിക്ക് 1300 ലക്ഷം രൂപ ചെലവ്. (ഇതിനേക്കാൾ ഭേദം രണ്ടു ലക്ഷം മുടക്കി ഒരു പെട്ടിക്കട തുടങ്ങുന്നതു തന്നെ). 1960 കളിൽ ജപ്പാൻ ഉപേക്ഷിച്ചതാണ് പദ്ധതി. ഇന്ത്യയിൽ വന്നെത്തി ആടി മാസക്കിഴിവ് എന്ന പേരിൽ തുണിയും പുസ്തകങ്ങളും വിൽക്കുന്നതുപോലെ ഒരു കച്ചവടം. കുറഞ്ഞ പലിശ, കൂടുതൽ സേവനം. അപ്പോൾ കാലാവധി 127 വർഷങ്ങളെടുക്കും പൂർത്തിയാകാൻ. മനുഷ്യായുസ്സ് പരമാവധി 1209 മാത്രമേയുള്ളൂ. പദ്ധതി ഗുണം അനുഭവിക്കാൻ വീണ്ടും ഒന്നുകൂടി ജനിക്കണം. നന്ദി പറയണം പിണറായി സഖാവിന്. തലമുറകൾ ഓർക്കണമെങ്കിൽ, അവരുടെ 'കുഞ്ഞു കുട്ടി പരാധീന'ങ്ങളുടെ പിടലിക്ക് കടബാധ്യതകളുടെ വമ്പൻ ഭാണ്ഡക്കെട്ടു തന്നെ വെച്ചു കൊടുക്കണം. മഹത്തുക്കളുടെ ഇത്തരം ദീർഘദൃഷ്ടിയെക്കുറിച്ച് അറിയാത്തവർ ശരിക്കും; സർവേക്കല്ല് പിഴുതെടുക്കും. പദ്ധതിയുടെ തുടക്കത്തിൽ തന്നെ തൊഴിൽദാനം നടന്നുവെന്നു അഭിമാനിക്കാമല്ലോ. പിഴുതെറിഞ്ഞവ പെറുക്കിയെടുക്കാൻ കല്ലൊന്നിന് ചുമട്ടു (തൊഴിലാളിക്ക്' കൂലി ഇത്ര രൂപ; വാഹനക്കൂലി, വീണ്ടും കുഴിവെട്ടു കൂലി.... ആഹാ! പ്രതീക്ഷിക്കുന്നതിനും അപ്പുറത്തേക്ക് സംസ്ഥാനത്തിന്റെ തൊഴിൽദാനം കുതിച്ചുയരുന്നതാണ് ആ കാഴ്ച. ഈ നവീന കല്ലിടലിന് സജി ചെറിയാനെപ്പോലെ മന്ത്രിമാർ നേരിട്ടു പങ്കാളിത്തം വഹിക്കുന്നതാണ് ആവേശകരം. അത്രയും ആരോഗ്യമില്ലാത്ത മന്ത്രിമാർക്ക് ഇരുന്നു വീക്ഷിക്കാം; സ്റ്റേറ്റ് കാറുണ്ടല്ലോ. അസൂയ മൂത്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ 'വാർത്ത'യിൽ നിറയാൻ വേണ്ടി പലതും പറയും. സജി ചെറിയാന്റെ വീടും പറമ്പും കെ. റെയിൽ അലൈൻമെന്റിൽ മാറ്റവും വളവും തിരിവും പുളവുമെല്ലാം എടുത്തുവീശും. അതങ്ങു പെരുന്നയിൽ ചെന്നു പറഞ്ഞാൽ മതി. പുതുപ്പളളി കഴിഞ്ഞാൽ ചെന്നിത്തലയല്ല, തിരുവഞ്ചൂരാണ് സീനിയർ എന്നു വരുത്താനുള്ള കളിയുടെ ഭാഗമാണത്. ചെറിയാൻ സഖാവ് ഇനി നല്ല ഫയൽമാൻമാരുമായിട്ടാകും വരവ്. ആര് പിഴുത കല്ലായാലും പുഷ്പം പോലെ പുനഃസ്ഥാപിക്കും. സാമ്പത്തിക വിദഗ്ധർക്കു കല്ലിന്റെ കണക്കു ശാസ്ത്രം അറിയില്ല.
**** **** ****
**** **** ****
പന്ത്രണ്ട് വയസ്സുള്ള ചെക്കനു വേണമെങ്കിലും ഐശ്വര്യാ റോയി, ഹേമമാലിനി, നമ്മുടെ ഷീല തുടങ്ങി ആരെയും മോഹിക്കാം. കണ്ടില്ലേ എ.എ.പി ദില്ലി കടന്നു പഞ്ചാബിലും കയറിക്കൂടി. ഒരു തെക്കൻ ആം ആദ്മി വക്താവ് അതു കണ്ട് രോമാഞ്ചം സഹിക്കാതെ നടത്തിയ പ്രസ്താവന കേട്ട് അരവിന്ദ് കെജ്‌രിവാൾ വരെ ഞെട്ടി. അവർ കേരളവും ഭരിക്കുമത്രേ! പതിവായി 'നോട്ട'യ്ക്കു പിന്നിൽ ഒതുങ്ങിക്കഴിയുന്ന പാർട്ടിയാണ്. 'ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നു'വെന്നു മറ്റുള്ളവർ പരിഹസിച്ചേക്കാം. ഭാവിയിൽ തങ്ങൾ ഭരിക്കുമെന്ന് ഉറപ്പിച്ചു പറയാൻ സുധാകര ഗുരുവോ സതീശനാശാനോ ധൈര്യപ്പെടാത്ത വേളയിലാണ് ആം ആദ്മി എന്ന ന്യൂജെൻ പയ്യൻ തന്റെ മോഹം വെളിപ്പെടുത്തിയത്. കാലത്തിന്റെ ഇന്ദ്രജാലം എന്തെല്ലാം കൊണ്ടുവരും? കാണാം!