Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ നേരിട്ടത് പീഡനം; ഇറാഖില്‍ തന്നെ മരിക്കുകയായിരുന്നു ഭേദം-ഹര്‍ജിത്ത് 

ന്യൂദല്‍ഹി-  ഇറാഖിലെ മൊസൂളില്‍നിന്ന് 2014 ജൂണില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരേയും അവര്‍ വധിച്ച കാര്യം മൂന്ന് വര്‍ഷമായി  സര്‍ക്കാരിനോട് പറയുന്നുവെന്നും ഇതിന്റെ പേരില്‍ തന്നെ വേട്ടയാടിയെന്നും ഭീകകരില്‍നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യക്കാരന്‍ ഹര്‍ജിത്ത് മസിഹ്. 
ഇതിലും ഭേദം ഞാന്‍ അവിടെ വെച്ചു തെന്ന മരിക്കുകയായിരുന്നു. 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന സത്യം സര്‍ക്കാരിനോട്  പറഞ്ഞതിന്റെ പേരില്‍ ഞാന്‍ കുടുങ്ങി. രക്ഷപ്പെട്ട ഞാന്‍ ഇറാഖില്‍നിന്ന് തിരികെ ഇന്ത്യയിലെത്തിയ ഉടന്‍ വ്യാജ കേസില്‍ കുടുക്കി ആറു മാസം ജയിലിലിട്ടു. ഈ ദുരിതം കാരണം എന്റെ അച്ഛന്‍ മരിച്ചു- ഹര്‍ജിത്ത് മസിഹ് പറയുന്നു. കാണാതായ 39 പേരുടെ ബന്ധുക്കളാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 
എന്നാല്‍ ഹര്‍ജിത്തിനെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തളളി. ഇറാഖില്‍ നിന്ന് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് പറയാന്‍ ഹര്‍ജിത്ത് തയാറായില്ലെന്ന് മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. 
പഞ്ചാബിലെ ഗുരുദാസ്പൂരിലെ കാലാ അഫ്ഗാന സ്വദേശിയാണ് ഹര്‍ജിത്ത്. തന്റെ കണ്‍മുന്നിലിട്ടാണ് അവരെ കൊന്നതെന്നും ഈ സത്യം പറഞ്ഞിട്ട് സര്‍ക്കാര്‍ വിശ്വസിക്കാന്‍ തയാറായില്ലെന്നും ഹര്‍ജിത്ത് പറയുന്നു. ഞാനടക്കം 40 പേരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി ഏതാനും ദിവസം തടവില്‍ പാര്‍പ്പിച്ചു. പിന്നീട് ഒരു ദിവസം എല്ലാവരേയും മുട്ടില്‍ നിര്‍ത്തി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടയില്‍ വെടിയേറ്റ് ബോധരഹിതനായെങ്കിലും തനിക്ക് പിന്നീട് രക്ഷപ്പെടാന്‍ കഴിഞ്ഞെന്നും ഹര്‍ജിത്ത് പറയുന്നു. 

മൂന്ന് വര്‍ഷം ഈ വിവരം അറിയിക്കാതെ സര്‍ക്കാര്‍ തങ്ങളെ വിഡ്ഢികളാക്കി എന്ന ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. ബന്ധുക്കള്‍ സുരക്ഷിതരാണെന്നാണ് സര്‍ക്കാര്‍ ഇതുവരെ തങ്ങളോട് പറഞ്ഞിരുന്നതെന്നും അവര്‍ പറയുന്നു. പലരും വാര്‍ത്തകളിലൂടെയാണ് കാണാതായ ഉറ്റവരുടെ മരണ വാര്‍ത്ത അറിഞ്ഞത്. സര്‍ക്കാര്‍ നേരിട്ട് അറിയിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നു.
 

Latest News