Sorry, you need to enable JavaScript to visit this website.

ഇറാഖില്‍ 39 ഇന്ത്യക്കാരുടെ  മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഇങ്ങനെ

ന്യൂദല്‍ഹി- ഇറാഖിലെ മൊസൂള്‍ പിടിച്ചടക്കിയ ഐ.എസ് ഭീകരര്‍ 2014-ല്‍ 40 ഇന്ത്യന്‍ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടു പോയിരുന്നത്. ഇവരില്‍ ഒരാള്‍ പിന്നീട് രക്ഷപ്പെട്ടു. ബാക്കി 39 പേരും വധിക്കപ്പെട്ടുവെന്ന് ഇപ്പോഴാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. ഭീകരരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട പഞ്ചാബുകാരനായ തൊഴിലാളി ഹര്‍ജിത് മസിഹ് ബാക്കിയുള്ളവര്‍ കൊല്ലപ്പെട്ടുവെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നെങ്കിലും വിലപ്പെട്ട മൂന്ന് വര്‍ഷമാണ് ഇതു സ്ഥിരീകരിക്കാന്‍ സര്‍ക്കാരിനു വേണ്ടി വന്നത്. പിടികൂടിയ 39 തൊഴിലാളികളേയും ഭീകരര്‍ ബാദുഷ് എന്ന സ്ഥലത്തേക്കു കൊണ്ടു പോയി കൂട്ടമായി വെടിവെച്ചു കൊല്ലുകയായിരുന്നു.

ഇന്ത്യയുടെ ആവശ്യപ്രകാരം ഇറാഖ് അധികൃതരാണ് കാണായ 39 പേര്‍ക്കായി തിരിച്ചില്‍ ആരംഭിച്ചത്. അന്വേഷണം ചെന്നെത്തിയത് ബാദുഷിലെ ഒരു ചെറിയ കുന്നലാണ്. ഇവിടെ കൂട്ടക്കുഴിമാടമുണ്ടെന്ന് പ്രദേശ വാസികള്‍ നല്‍കിയ സൂചനയെ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം ഇവിടെ എത്തിയത്. ഇതു കുഴിമാടം തന്നെയാണോ എന്നു ഉറപ്പു വരുത്താന്‍ ഭൂമിയുടെ ഉള്ളകള്‍ പരിശോധിക്കാന്‍ ഉപയോഗിക്കുന്ന നവീന റഡാര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ ഇത് കൂട്ടക്കുഴിമാടമാണെന്നു തെളിഞ്ഞു. 

നീണ്ട മുടികളുള്ളവരേയാണ് കുഴിച്ചു മൂടിയിട്ടുള്ളതെന്നും ഇറാഖികളുടേതല്ലാത്ത ഐഡിയും മറ്റു തെളിവുകളും ലഭിക്കുകയും ചെയ്തു. ഇതോടെ കുഴിമാടം തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവിടെനിന്ന് 39 മൃതദേഹങ്ങള്‍ ലഭിക്കുകയും ചെയ്തതോടെ ഇത് കാണാതായ ഇന്ത്യക്കാരുടേത് തന്നെയാണെന്ന സംശയം ബലപ്പെട്ടു. ഇവരെ കൃത്യമായി തിരിച്ചറിയാനുള്ള അടുത്ത മാര്‍ഗം ഡിഎന്‍എ പരിശോധനയാണ്. ഇതിനായി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഇവരുടെ ബന്ധുക്കളില്‍നിന്ന് ഡിഎന്‍എ ശേഖരിച്ചിരുന്നു. എന്നാല്‍ കുഴിമാടം തുറന്നു പരിശോധന നടത്താനാണെന്ന കാര്യം അന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നില്ല.

പുറത്തെടുത്ത മൃതദേഹങ്ങള്‍ ബഗ്ദാദിലെത്തിച്ചാണ് പരിശോധന നടത്തിയത്. മാര്‍ട്ടിര്‍സ് ഫൗണ്ടേഷന്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ 38 പേരുടേ ഡിഎന്‍എകളും അവരുടെ ഇന്ത്യയിലെ ബന്ധുക്കളുടേതുമായി പുര്‍ണമായി യോജിച്ചു. ഒരു മൃതദേഹം 70 ശതമാനം മാത്രമെ യോജിച്ചുള്ളൂ. പരിശോധനയുടെ അന്തിമ ഫലം കഴിഞ്ഞ ദിവസം ലഭിച്ചതോടെയാണ് മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാണാതായ ഇന്ത്യക്കാരുടെ എല്ലാവരുടേയും മൃതദേഹം ലഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി കെ സിങ് ഉടന്‍ ഇറാഖിലേക്ക് പറക്കും. പ്രത്യേക വിമാനത്തിലാണ് മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്ത്യയിലെത്തിക്കുക. ഈ വിമാനം ആദ്യം അമൃത്്‌സറിലും പിന്നീട് പട്നയിലും കൊല്‍ക്കത്തയിലും ഇറങ്ങും.

Latest News