കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മണ്ഡലിനെ ബുധനാഴ്ച സി.ബി.ഐ ചോദ്യം ചെയ്യും. കല്‍ക്കരി, കാലിത്തീറ്റ കള്ളക്കടത്ത് കേസിലാണ് ബിര്‍ഭമിലെ പാര്‍ട്ടി ജില്ലാ പ്രസിഡന്റായ കെഷ്ടോ എന്ന പേരില്‍ കൂടി അറിയിപ്പെടുന്ന അനുബ്രത മണ്ഡലിനെ സി.ബി.ഐ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ചോദ്യം ചെയ്യാനുള്ള നീക്കം തടയണമെന്ന ഹരജി കൊല്‍ക്കത്ത ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരിക്കെ സി.ബി.ഐക്കുമുമ്പില്‍ ഹാജാരാകാതിരിക്കാന്‍ ഇനി സാധ്യത കുറവാണ്.
സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ നിസാം പാലസ് ഓഫീസില്‍ ഏപ്രില്‍ ആറിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലിന് അയച്ച ആറാമത്തെ സമന്‍സാണിത്. അസുഖം ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം അഞ്ചുതവണയും ചോദ്യം ചെയ്യലില്‍നിന്ന് ഒഴിവായത്.
സി.ബി.ഐയുടെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് രാജശേഖര്‍ മന്‍ത തള്ളിയത്. ഏതെങ്കിലും അന്വേഷണ ഏജന്‍സികളുടെ നടപടികളില്‍ ഇടപെടാനാകില്ലെന്നാണ് ജഡ്ജി വ്യക്തമാക്കിയിരുന്നത്. തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.