ബെംഗളുരു- കര്‍ണാടകയില്‍ വലതുപക്ഷ തീവ്രവാദ ഹിന്ദുത്വ സംഘടനകള്‍ ഹലാല്‍ മാംസ വിരുദ്ധ പ്രചരണം നടത്തിവരുന്നതിനിടെ വ്യാപാരികള്‍ക്ക് ആശങ്കയായി സര്‍ക്കാര്‍ ഉത്തരവും. അറവ് നടത്തുന്നതിനു മുമ്പ് മൃഗങ്ങളെ ഷോക്കടിപ്പിച്ച് കൊല്ലുന്ന സംവിധാനം അറവുശാലകള്‍ വേണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ ഉത്തരവിന്റെ മറവില്‍ തങ്ങള്‍ ഇരയാക്കപ്പെടുമെന്നാണ് വ്യാപാരികളുടെ ആശങ്ക. മൃഗങ്ങളെ ഷോക്കടിപ്പിക്കുന്ന സംവിധാനം ഇല്ലാത്ത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലൈസന്‍സ് നല്‍കുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്നും വ്യാപക പരാതികള്‍ ലഭിക്കുന്നുണ്ട്. അറവുശാലകള്‍ ചട്ടം പാലിക്കുന്നുണ്ടെന്നും അറവുശാലകളില്‍ മൃഗങ്ങളെ വൈദ്യുതാഘാതമേല്‍പ്പിക്കുന്നതനുള്ള സംവിധാനമുണ്ട് എന്നും ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തേണ്ടതുണ്ടെന്നും വെള്ളിയാഴ്ച മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വെള്ളിയാഴ്ച ഉത്തരവിറക്കിയിരുന്നു. ഈ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അര ലക്ഷം മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഭൂരിപക്ഷം അറവു ശാലകളും ചെറുകിട സംരംഭങ്ങളായതിനാല്‍ ഈ ഷോക്കടിപ്പിച്ചു കൊല്ലല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍വാഹമില്ല. ഇതിനു പുറമെ ഷോക്കടിപ്പിച്ച് കൊന്ന മൃഗത്തിന്റെ മാംസം ഹലാല്‍ യോഗ്യത നേടില്ലെന്നതും വ്യാപാരികള്‍ക്ക് തിരിച്ചടിയാകും. കന്നഡ പുതുവര്‍ഷമായ ഉഗാദിയോടനുബന്ധിച്ച് കര്‍ണാടകയില്‍ ഹിന്ദുത്വ സംഘടനകളുടെ ഹലാല്‍ മാംസ വിരുദ്ധ പ്രചരണം ശക്തമായിരിക്കുകയാണ്. ഈ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നിരവധി ഹിന്ദുക്കള്‍ മാംസം കഴിക്കാറുണ്ട്. എന്നാല്‍ ഹലാല്‍ മാംസം വില്‍ക്കുന്ന കടകളില്‍ നിന്ന് മാംസം വാങ്ങരുതെന്നാണ് ഇവരോട് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെടുന്നത്. മുസ്ലിംകളുടെ കടകള്‍ക്കും റസ്ട്രന്റുകള്‍ക്കും നേരെ ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജ്‌റംഗ് ദള്‍ പലയിടത്തും ആക്രമണങ്ങള്‍ നടത്തിയതായും റിപോര്‍ട്ടുകളുണ്ട്.
ഈ ഹലാല്‍ മാംസ വിരുദ്ധ പ്രചരണങ്ങളെ പിന്തുണച്ച് ഹിന്ദു മത സ്ഥാപന, ധര്‍മകാര്യ മന്ത്രി ശശികല ജൊല്ലെയും രംഗത്തുണ്ട്. കോസ്റ്റല്‍ കര്‍ണാടകയില്‍ ഈ ഹലാല്‍ മാംസ പ്രശ്‌നം ഒരു പ്രശ്‌നം തന്നെയാണ്. നമ്മുടെ ഹിന്ദു സംഘടനകള്‍ ഇതു സംബന്ധിച്ച് ചെയ്യുന്നതെല്ലാം ശരിയാണ്. ദൈവത്തിന് സമര്‍പ്പിക്കേണ്ടത് ആവശ്യമായതിനാല്‍ ജട്ക അറവ് രീതിയെ കുറിച്ചുള്ള ബോധവല്‍ക്കരണമാണ് അവര്‍ നടത്തുന്നത്- മന്ത്രി പറഞ്ഞു.
ഷോക്കടിപ്പിച്ച് കൊല്ലല്‍ സംവിധാനം വേണമെന്ന ഉത്തരവ് എല്ലാ വര്‍ഷവും ഉഗാദിയോട് അനുബന്ധിച്ച് സര്‍ക്കാര്‍ ഇറക്കാറുണ്ട്. വളരെ കുറച്ച് അറവുശാലകളില്‍ മാത്രമെ ഈ സംവിധാനമുള്ളൂ. ഈ ഉത്തരവ് ഇറക്കുന്നത് അറവുശാലകളില്‍ നിന്ന് പിഴ ഈടാക്കാനുള്ള ഒരു മാര്‍ഗമെന്ന നിലയിലാണെന്നും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.