ലഖ്‌നൗ- കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍ പ്രദേശില്‍ മദ്രസാ വിദ്യാഭ്യാസ സിലബസില്‍ ദേശീയത ഉള്‍പ്പെടുത്തുമെന്ന് സംസ്ഥാന ന്യൂനപക്ഷ മന്ത്രി ധരംപാല്‍ സിംഗ് പറഞ്ഞു. സംസ്ഥാനത്ത് പശുക്കളെ സംരക്ഷിക്കുന്നതിന് എല്ലാ മുനിസിപ്പാലിറ്റികളിലും ഒരു ഗോശാല നിര്‍മിക്കുമെന്നും മൃഗസംരക്ഷണ വകുപ്പിന്റെ കൂടി ചുമതലയുള്ള മന്ത്രി ധരംപാല്‍ സിംഗ് പറഞ്ഞു.
ബറേലിയില്‍ ഇന്ത്യന്‍ വെറ്റിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബറേലിയിലെ അയോണ്‍ല മണ്ഡലത്തില്‍നിന്നാണ് ഇദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ദേശീയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനമാക്കിയാണ് മദ്രസകളില്‍ പഠിപ്പിക്കുക. അനധികൃതമായി കൈയടക്കിയ വഖഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഇവ ന്യൂനപക്ഷ ക്ഷേമത്തിന് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. അനധികൃതമായി കൈയറിയ വഖഫ് സ്വത്തുക്കള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നും ഇതിനുശേഷമായിരിക്കും തിരിച്ചുപിടിക്കുന്ന ഭൂമി ന്യൂനപക്ഷ ക്ഷേമത്തിനായി ഉപയോഗിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.
അനധികൃതമായി കൈയറിയ സര്‍ക്കാര്‍ ഭൂമി കണ്ടെത്താന്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഓരോ ജില്ലകളിലേക്കും പ്രത്യേക സംഘത്തെ അയക്കുമെന്നും തിരിച്ചുപിടിക്കുന്ന ഭൂമിയില്‍ ഗോം സംരക്ഷണ ശാല പണിയുമെന്നും മന്ത്രി പറഞ്ഞു.
പശുക്കളെ സുരക്ഷിതമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും കൈക്കൊള്ളും. എല്ലാ മുനിസിപ്പാലിറ്റികളിലും ഓരോ വലിയ ഗോശാലകളാണ് സ്ഥാപിക്കുക. പശുക്കളെ അലഞ്ഞുതിരിയാന്‍ വിടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.