പട്ന- ബിഹാറില്‍ വിശാല മതേതര സഖ്യം പൊളിച്ച് ബിജെപിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിനും മനംമാറ്റം. ബിഹാറില്‍ നിന്നുള്ള രണ്ട് കേന്ദ്ര മന്ത്രിമാരുടെ വര്‍ഗീയ വിദ്വേഷ പ്രസ്താവനകളില്‍ കടുത്ത അമര്‍ഷം അറിയിച്ചു കൊണ്ടാണ് നിതീഷ് കുമാര്‍ രംഗത്തു വന്നിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരോട് ഒരിക്കലും ഒത്തുതീര്‍പ്പിനില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിയോട് ഞാന്‍ വിട്ടുവീഴ്ച ചെയ്യാറില്ല. അതുപോലെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവരോടും വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഓര്‍ക്കണമെന്ന് ബിജെപിക്കുള്ള മുന്നറിയിപ്പായി അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ മതസൗഹാര്‍ദത്തിനും സമാധാനത്തിനും നിലകൊള്ളുന്നയാളാണ് ഞാന്‍. സ്നേഹവും സഹവര്‍ത്തിത്വവും മതസൗഹാര്‍ദം കൊണ്ട് ഈ രാജ്യം ഇനിയും മുന്നേറുമെന്നും നതീഷ് കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബിഹാറില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിങും അശ്വിന്‍ കുമാര്‍ ചൗബേയും വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതാണ് നിതീഷിനെ ചൊടിപ്പിച്ചത്. ബിഹാറില്‍ നിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്റെ കഴിഞ്ഞ ദിവസത്തെ അഭിപ്രായ പ്രകടനത്തെ നിതീഷ് പിന്താങ്ങുകയും ചെയ്തു. ദലിതുകളോടും ന്യൂനപക്ഷങ്ങളോടുമുള്ള ബിജെപിയുടെ സമീപനത്തില്‍ തിരുത്തല്‍ വേണമെന്ന് കഴിഞ്ഞ ദിവസം ലോക് ജനശക്തി പാര്‍ട്ടി നോതാവായ പാസ്വാന്‍ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. പാസ്വാന്‍ വെറുതെ ഇങ്ങനെ പറയില്ലെന്നാണ് നിതീഷ് പറഞ്ഞത്. പാസ്വാനെ എനിക്ക് നന്നായി അറിയാം. ഇത്തരം വിഷയങ്ങളില്‍ ചിന്തിച്ചു മാത്രം പ്രതികരിക്കുന്നയാളാണ് അദ്ദേഹമെന്നും നിതീഷ് പറഞ്ഞു.
നിതീഷിന്റെ പ്രസ്താവനയോട് ബിജെപി സംസ്ഥാന നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. അരാരിയ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍.ജെ.ഡി ജയിച്ചതിനു തൊട്ടുപിറകെ ഇവിടം ഇനി ഇസ്്‌ലാമിക ഭീകരരുടെ താവളമാകുമെന്നാണ് ബിജെപി മന്ത്രിമാര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനു തൊട്ടുപിറകെയാണ് മറ്റൊരു മന്ത്രിയായ അശ്വിനി കുമാറിന്റെ മകന്റെ നേതൃത്വത്തില്‍ ഭഗല്‍പൂരില്‍ മുസ്ലിം മേഖലകളില്‍ വര്‍ഗീയ കാലാപമുണ്ടാക്കാന്‍ ശ്രമം നടന്നത്. മകനെ മന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു.