മുംബൈ- ബോളിവുഡ് താരരാജാവ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ കുറ്റാരോപിതനായ ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ട കേസിലെ സാക്ഷിയായ 36കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. വെള്ളിയാഴ്ച വൈകീട്ട് പ്രഭാകര്‍ സയില്‍ ഹൃദായാഘാതം മൂലം മരിച്ചതെന്നാണ് റിപോര്‍ട്ട്. ഈ മരണം സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വല്‍സെ പാട്ടീല്‍ അറിയിച്ചു. കേസില്‍ നിന്ന് ആര്യനെ രക്ഷിക്കാന്‍ പ്രധാന സാക്ഷികളില്‍ ഒരാളായ കെ പി ഗോസാവി പണം ആവശ്യപ്പെടുന്നത് കേട്ടിരുന്നു എന്നായിരുന്നു പ്രഭാകര്‍ സയിലിന്റെ മൊഴി. കപ്പലില്‍ മയക്ക് മരുന്ന് വേട്ട നടന്ന് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു ഇത്. കേസില്‍ സയില്‍ മാപ്പുസാക്ഷി ആയതായി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഈയിടെ അറിയിച്ചിരുന്നു.
സയിലിന്റെ മരണത്തില്‍ അസ്വാഭാവിക ഇല്ലെന്നും കുടുംബം സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ തുഷാര്‍ ഖന്ദ്‌റെ പറഞ്ഞു. തൊഴില്‍രഹിതനായിരുന്നതിനാല്‍ കുറച്ചു കാലമായി മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മരിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം വരെ ഒരു കുഴപ്പവുമില്ലാതിരുന്ന സയിലിന്റെ മരണം ഞെട്ടിപ്പിക്കുന്നതാണ് അമ്മ പ്രതികരിച്ചു. മരണത്തില്‍ ഒരു സംശയവുമില്ലെന്ന് ഭാര്യ പൂജയും പറയുന്നു.