മഥുര- വീസ കാലാവധി തീര്‍ന്നിട്ടും ഇന്ത്യയില്‍ തങ്ങുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തതിന് ദമ്പതികളായ രണ്ട് റഷ്യക്കാരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. മഥുരയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ടു വര്‍ഷം മുമ്പ് വീസ കാലാവധി അവസാനിച്ചിട്ടുണ്ട്. പരിശോധനയ്‌ക്കെത്തിയ പോലീസിനെയാണ് ഇവര്‍ ആക്രമിച്ചത്. രേഖകള്‍ കാണിക്കാന്‍ വിസമ്മതിച്ച ഇവര്‍ ഒരു പോലീസുകാരനെ മര്‍ദിക്കുകയും യുനിഫോം വലിച്ചു കീറുകയും ചെയ്തു. ഒരു വനിതാ കോണ്‍സ്റ്റബ്‌ളിനെ കടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ദല്‍ഹിയില്‍ നിന്നും വെള്ളിയാഴ്ച മഥുരയിലെ ഹോട്ടലിലെത്തിയതായും രേഖകള്‍ ഹാജരാക്കാന്‍ വിസമ്മതിക്കുകയും ചെയ്തതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. എന്നാല്‍ ഇവര്‍ പോലീസിനോട് സഹകരിക്കാന്‍ തയാറായില്ലെന്ന് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ പ്രദീപ് ശര്‍മ പറഞ്ഞു. അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിച്ചതോടെയാണ് ഇവര്‍ വഴക്കിട്ട് പോലീസിനെ മര്‍ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികള്‍ക്കെതിരെ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലടച്ചു. സംഭവം റഷ്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.