Sorry, you need to enable JavaScript to visit this website.

പ്രതിഫലമായി പണം കിട്ടിയപ്പോള്‍ 87 ഡോസ് കോവിഡ് വാക്‌സിനെടുത്ത 61കാരന്‍ അറസ്റ്റില്‍

ബെര്‍ലിന്‍- വാക്‌സിന്‍ വിരോധികളായ നിരവധി ആളുകള്‍ക്കേ വേണ്ടി 87 തവണ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്ത 61കാരനെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്വയം വാക്‌സിനെടുക്കാന്‍ തയാറാകാത്ത കടുത്ത വാക്‌സിന്‍ വിരോധികളില്‍ നിന്ന് പണം വാങ്ങിയാണ് ഇദ്ദേഹം ഇത്രയധികം ഡോസ് കുത്തിവെപ്പെടുത്തത്. നാലു സംസ്ഥാനങ്ങളില്‍ നിന്നാണ് ഇദ്ദേഹം കുത്തിവെപ്പുകള്‍ സ്വീകരിച്ചത്. ഓരോ ദിവസം മൂന്ന് വ്യത്യസ്ത വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇദ്ദേഹം പോകുകയും അവിടെ പേരും ജനന തീയതിയും നല്‍കും. എന്നാല്‍ വാക്‌സിനേഷന്‍ സ്റ്റാറ്റസ് കാണിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇദ്ദേഹം എവിടേയും കാണിക്കില്ല. സാക്‌സണി സംസ്ഥാനത്തു മാത്രം ഇദ്ദേഹം 87 തവണ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിയിട്ടുണ്ട്.

ഒടുവില്‍ ഡ്രെസ്ഡനിലെ ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തില്‍വച്ച് ഹെല്‍ത്ത് വര്‍ക്കര്‍ ഇദ്ദേഹത്തെ തിരിച്ചറിയുകയായിരുന്നു. ഇദ്ദേഹം വാക്‌സിനെടുക്കാന്‍ തുനിഞ്ഞതോടെ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 

തന്റെ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ ഇദ്ദേഹം വില്‍പ്പന നടത്തിയെന്ന് റെഡ് ക്രോസ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കുറ്റം ചുമത്തിയത്. ഓരോ തവണയും പൂരിപ്പിക്കാത്ത വാക്‌സിനേഷന്‍ രേഖയുമായി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുകയും വാക്‌സിനെടുത്ത ശേഷം വാക്‌സിനേഷന്‍ ബാച് നമ്പര്‍ രേഖയില്‍ നിന്ന് മാറ്റിയ ശേഷം ഇത് വാക്‌സിനെടുക്കാന്‍ തയാറാകത്തവര്‍ക്ക് വില്‍പ്പന നടത്തി പണമുണ്ടാക്കുകയുമാണ് ഇയാള്‍ ചെയ്തു വന്നിരുന്നത്.
 

Latest News