ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ ഭരണകക്ഷിയെ പുറത്താക്കാനുള്ള അവിശ്വാസ പ്രമേയത്തില്‍ ഞായറാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ആഹ്വാനം ചെയ്തു. ഇംറാന്റെ പിടിഐ നേതൃത്വത്തിലുള്ള ഭരണമുന്നണിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ വോട്ടെടുപ്പോടെ സര്‍ക്കാര്‍ വീഴുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇതിനിടെയാണ് താന്‍ ഏതു സാഹചര്യത്തേയും നേരിടുമെന്നും ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്നും ഇംറാന്റെ പ്രസ്താവന. പാക്കിസ്ഥാനില്‍ സര്‍ക്കാരിനെ മാറ്റാന്‍ വിദേശ ഗൂഢാലോചന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഇവരെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് ആസൂത്രണം ചെയ്തു വരികയാണ്. ഇന്‍ശാ അല്ലാഹ്, അത് എങ്ങനയാകുമെന്ന് നിങ്ങള്‍ക്ക് കാണാം. എന്റെ ജനങ്ങള്‍ ജാഗ്രതയോടെ സജീവമായിത്തന്നെയിരിക്കണം. ഇതൊക്കെ സംഭവിക്കുന്നത് മറ്റൊരു രാജ്യത്തായിരുന്നുവെങ്കില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ടാകും. ഇന്നും നാളെയുമായി ജനങ്ങളോട് തെരുവിലിറങ്ങാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. ഈ രാജ്യത്തിന്റെ താല്‍പര്യം കണക്കിലെടുത്ത് നിങ്ങളുടെ മനസ്സാക്ഷിക്കു വേണ്ടി നിങ്ങളിതു ചെയ്യണം. നിങ്ങളുടെ മക്കള്‍ക്കു വേണ്ടി നിങ്ങള്‍ തെരുവിലിറങ്ങണം. നിങ്ങള്‍ എത്രത്തോളം ജാഗരൂകരാണെന്ന് കാണിക്കണം- ഇംറാന്‍ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞു.