ന്യൂദൽഹി- ശക്തമായ ആഭ്യന്തരയുദ്ധം നടക്കുന്നതിനിടെ ഇറാഖിലെ മൊസൂളിൽനിന്ന് ഐ.എസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ കൊലപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇറാഖിൽ നടത്തിയ വിശദമായ തെരച്ചിലിലാണ് എല്ലാവരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഇവരുടെ ബന്ധുക്കളുടെ ഡി.എൻ.എ സാമ്പിളുകൾ അധികൃതർ ശേഖരിച്ചിരുന്നു. ഇവ കാണാതയ 38 പേരുടെ ഡി.എൻ.എയുമായി യോജിച്ചതായി പരിശോധനയിൽ തെളിഞ്ഞതോടെയാണ് മരണം സ്ഥിരീകരിച്ചതെന്നും സുഷമ അറിയിച്ചു. ഒരു മൃതദേഹം 70 ശതമാനം മാത്രമാണ് ഡി.എൻ.എയുമായി യോജിച്ചത്.
ഇവരുടെ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടത്തിലാണ് കണ്ടെത്തിയത്. ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങി പരിശോധിക്കുന്ന സാറ്റലൈറ്റിന്റെ സഹായത്തോടെയാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. ഇന്ത്യയുടെ നിർദേശം അനുസരിച്ചാണ് കുഴിമാടം തുറന്ന് മൃതദേഹങ്ങൾ പുറത്തെടുത്തതെന്നും മന്ത്രി പറഞ്ഞു. ഈ വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് രാജ്യസഭ മരിച്ചവർക്കു വേണ്ടി ഒരു മിനിറ്റ് മൗനാചരണം നടത്തി.
തെളിവു ശേഖരണം ഏറെ പ്രയാസമേറിയതായിരുന്നു. നിരവധി കൂട്ടക്കുഴിമാടങ്ങളാണ് കണ്ടെത്തിയത്. ഇവയിൽ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പുറത്തെടുക്കൽ ശ്രമകരമായ ജോലിയായിരുന്നു. ഇവ പുറത്തെടുത്ത ശേഷം ബഗ്ദാദിലെത്തിച്ചാണ് ഡിഎൻഎ പരിശോധനകൾ പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ ബഗ്ദാദിലേക്ക് അയച്ചിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിനും ഡി.എൻ.എ സാമ്പിളുകൾ ഇനിയും പരിശോധിക്കുന്നതിനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ഇറാഖിലേക്ക് അയക്കും. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ബിഹാർ, വെസ്റ്റ് ബംഗാൾ സ്വദേശികളായ ഇവരെ വടക്കു പടിഞ്ഞാറൻ മൂസിലിലെ ബാദുഷ് ജയിലിൽ തടവിലിട്ടതായി കരുതപ്പെടുന്നുവെന്നാണ് നേരത്തെ സർക്കാർ പറഞ്ഞിരുന്നത്.
ഇറാഖിലെ താരിഖ് നൂർ അൽഹൂദ എന്ന കമ്പനിയിലെ നിർമാണ തൊഴിലാളികളായ 40 പേരെയാണ് തീവ്രവാദികളുടെ സംഘം തട്ടിക്കൊണ്ടുപോയത്. ഇതിൽ ഹർജിത് മാസിഹ് എന്നയാൾ രക്ഷപ്പെട്ടിരുന്നു. മറ്റുള്ളവരെ ഭീകരർ കൂട്ടക്കൊല നടത്തിയതിന് താൻ സാക്ഷിയാണന്ന് ഹർജിത് മാസിഹ് നേരത്തെ പറഞ്ഞിരുന്നെങ്കിലും വിശ്വസിക്കാൻ കേന്ദ്രം തയ്യാറായിരുന്നില്ല. മൂന്നുവർഷം മുമ്പാണ് ഇവരെ ഭീകരർ തട്ടിക്കൊണ്ടുപോയത്. പഞ്ചാബിൽനിന്നുള്ളവരാണ് തൊഴിലാളികളിൽ ഏറെയും. ഇവർ മൊസൂളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ആശുപത്രി നിർമ്മാണപ്രവർത്തനത്തിൽ ഏർപ്പെട്ടവരായിരുന്നു തൊഴിലാളികൾ. ഇന്ത്യൻ തൊഴിലാളികളെ രക്ഷിക്കാൻ കഴിയാത്ത കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തി. മൊസൂളിലെ ബാദുഷ് ജയിലിലിലാണ് തൊഴിലാളികൾ കഴിഞ്ഞിരുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു കേന്ദ്ര സർക്കാർ ഇതേവരെ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. സുഷ്മ സ്വരാജിന്റെ വിശ്വാസ്യത തകർന്നതായും കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്‌വ പറഞ്ഞു.
39 തൊഴിലാളികളെ കൊലപ്പെടുത്തിയതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എല്ലാം കേന്ദ്ര സർക്കാർ നിഷേധിക്കുകയായിരുന്നു. ഇവർ ജോലി ചെയ്തിരുന്ന താരിഖ് നൂർ അൽഹൂദയിലെ ഉദ്യോഗസ്ഥരിൽ നിന്നാണ് തൊഴിലാളികൾ കൊല്ലപ്പെട്ടതായി സൂചന ലഭിച്ചിരുന്നത്. എന്നാൽ ഇക്കാര്യം കേന്ദ്രം നിഷേധിച്ചു.
2014-ൽ ഷിയ സുന്നി കലാപത്തെ തുടർന്ന് തൊഴിലാളികളോട് മൊസൂളിൽനിന്ന് തിരിച്ചുപോകാൻ കമ്പനി ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ പാസ്‌പോർട്ടുകളും കമ്പനി തിരിച്ചുകൊടുത്തിരുന്നു. എന്നാൽ മൂന്ന് വർഷത്തെ ശമ്പളവും വിമാന ടിക്കറ്റും വേണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. 40 ഇന്ത്യക്കാരും 53 ബംഗ്ലാദേശികളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മൊസൂളിൽ നിന്നും ഇവരെ എർബിലിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ബംഗ്ലാദേശികളുടെ സംഘം എർബിലിൽ എത്തിയപ്പോൾ ഹർകിത് എന്ന ഒരു ഇന്ത്യക്കാരനെ മാത്രമാണ് ക്യാംപിലുണ്ടായിരുന്നത്. താൻ മാത്രമേ രക്ഷപ്പെട്ടുള്ളൂ എന്നും കൂടെയുണ്ടായിരുന്ന 39 പേരെയും കൊന്നുകളഞ്ഞതായും ഇയാൾ പറഞ്ഞു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കേന്ദ്രം തയ്യാറായില്ല. തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ എന്ത് ശക്തി ഉപയോഗിച്ചും തിരിച്ചുകൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഉറപ്പുനൽകിയിരുന്നു.