ന്യൂയോർക്ക്- ആധുനിക സൗദി നിലവിൽ വരുന്നതിനും നൂറുകണക്കിന് വർഷം മുമ്പ് നിലവിലുള്ള രാജകുടുംബത്തിലെ അംഗമായ തനിക്കും കുടുംബത്തിനും ഇഷ്ടം പോലെ ഭൂസ്വത്തുണ്ടെന്നും ഇരുപത് വർഷം മുമ്പുള്ള അതേ സ്വകാര്യജീവിതം തന്നെയാണ് ഇപ്പോഴും നയിക്കുന്നതെന്നും സൗദി കീരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ന്യൂയോർക്കിൽ സി.ബി.എസ് ചാനൽ നെറ്റ് വർക്കിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം പറഞ്ഞത്.
താൻ സമ്പന്നനാണ്, ദരിദ്രനല്ല. താൻ മണ്ടേലയോ ഗാന്ധിയോ അല്ലെന്നും ഉല്ലാസ നൗക വാങ്ങിയതിനെ കുറിച്ച ചോദ്യത്തിന് മറുപടിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഇരുപതു വർഷം മുമ്പുള്ള അതേ സ്വകാര്യ ജീവിതം തന്നെയാണ് ഇപ്പോഴും നയിക്കുന്നത്. സ്വകാര്യ വരുമാനത്തിന്റെ 51 ശതമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും 49 ശതമാനം സ്വന്തം കുടുംബത്തിനും വേണ്ടിയാണ് താൻ ചെലവഴിക്കുന്നത്. അടുത്ത അമ്പതു വർഷത്തേക്ക് രാജ്യം ഭരിക്കുന്നതിൽ നിന്ന് തന്നെ തടയുക മരണം മാത്രമായിരിക്കും. ഒരു മനുഷ്യൻ എത്ര കാലം ജീവിക്കുമെന്ന് അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂവെന്ന്, വരുന്ന അമ്പതു വർഷം രാജ്യം ഭരിക്കുന്നതിനുള്ള സാധ്യതയെ കുറിച്ച അവതാരകയുടെ ചോദ്യത്തിന് മറുപടിയായി കിരീടാവകാശി പറഞ്ഞു.
1979 ലെ ഇറാൻ വിപ്ലവത്തിനു ശേഷം തീവ്രവാദ ഇസ്ലാം മാതൃക തന്റെ തലമുറ ഏറെ സഹിച്ചിട്ടുണ്ട്. സൗദി അറേബ്യ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നില്ല. പുതിയ തലമുറക്ക് ആവശ്യമായ ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. ദിവസത്തിൽ ഭൂരിഭാഗം സമയവും ഓഫീസിലാണ് താൻ ചെലവഴിക്കുന്നത്. ഉച്ചയ്ക്കു ശേഷം മുതൽ അർധരാത്രി വരെ ഓഫീസിൽ ജോലി ചെയ്യുന്നു. നാം ചെയ്യുന്ന കാര്യങ്ങളിൽ ജനങ്ങളുടെ വിശ്വാസം ആർജിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന്, പരിഷ്കരണ പദ്ധതികൾക്കുള്ള ജനപിന്തുണ നേടിയെടുക്കുന്നതിനെ സൂചിപ്പിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ഈജിപ്ഷ്യൻ സന്ദർശനത്തിനു പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് സി.ബി.എസ് ചാനൽ നെറ്റ്വർക്ക് കിരീടാവകാശിയുടെ അഭിമുഖം തയാറാക്കിയത്. ഇതിലെ ചില പ്രസക്ത ഭാഗങ്ങൾ ചാനൽ നേരത്തെ പുറത്തുവിട്ടിരുന്നു. കിരീടാവകാശിയുടെ അമേരിക്കൻ സന്ദർശനത്തോടനുബന്ധിച്ച് ഞായറാഴ്ചയാണ് (സൗദി സമയം ഇന്നലെ പുലർച്ചെ) അഭിമുഖം ചാനൽ സംപ്രേക്ഷണം ചെയ്തത്.