ആലപ്പുഴ- ഭക്ഷണത്തിന് അമിത വിലയീടാക്കിയെന്ന എം.എൽ.എ ചിത്തരഞ്ജന്റെ പരാതിയെതുർന്ന് ആലപ്പുഴയിലെ ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. ആലപ്പുഴ കളക്ടർ രേണു രാജാണ് പരിശോധക്ക് നിർദേശം നൽകിയത്.
ചിലയിടങ്ങളിൽ തോന്നുന്ന വിധമാണ് വിലയീടാക്കുന്നതെന്നും ഹോട്ടലുകളുടെ നിലവാരം അനുസരിച്ച് ഭക്ഷണവില ഏകീകരിക്കണമെന്നാണ് ഭക്ഷ്യവകുപ്പിൻറെ നിർദേശം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
ഭക്ഷണത്തിന് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ ജില്ലാ കളക്ടർക്ക് പി.പി. ചിത്തരഞ്ജൻ എം.എൽ.എയാണ് പരാതി നൽകിയത്. കണിച്ചുക്കുളങ്ങരയിലെ ഒരു ഹോട്ടലിൽനിന്നും അഞ്ച് അപ്പവും രണ്ട് മുട്ടക്കറിക്കും തന്നോട് 184 രൂപ ഈടാക്കിയെന്നാണ് എംഎൽഎയുടെ പരാതി. കനം കുറഞ്ഞ ഒരു അപ്പത്തിന് 15 രൂപയും ഒരു മുട്ടയ്ക്കും അൽപം ഗ്രേവിക്കും 50 രൂപയും ഹോട്ടൽ ഉടമ ഈടാക്കിയെന്നു ചിത്തരഞ്ജൻ ആരോപിക്കുന്നു. താൻ കയറിയതു സ്റ്റാർ ഹോട്ടലിൽ അല്ലെന്നും എസി ഹോട്ടൽ എന്നു പറഞ്ഞിട്ട് എസി ഇല്ലായിരുന്നുവെന്നും ഹോട്ടലിൽ വിലവിവരപ്പട്ടിക ഇല്ലായിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.