ഇസ്ലാമാബാദ്- തന്റെ ജീവൻ അപകടത്തിലാണെന്ന് വിശ്വസനീയമായ വിവരമുണ്ടെന്നും ഭയപ്പെടാതെ സ്വതന്ത്രവും ജനാധിപത്യപരവുമായ പാകിസ്ഥാനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ദേശീയ അസംബ്ലിയിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇംറാൻ ഖാൻ. സൈന്യം തനിക്ക് അവിശ്വാസ വോട്ട്, നേരത്തെയുള്ള തെരഞ്ഞെടുപ്പ്, അല്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കൽ എന്നീ ഓപ്ഷനുകളാണ് നൽകിയതെന്നും ഇംറാൻ ഖാൻ പറഞ്ഞു. തന്റെ ജീവൻ അപകടത്തിലാക്കുന്നതിന് പുറമെ, ചില വിദേശരാജ്യങ്ങളുടെ കൈകളിലെ കളിപ്പാവകളായ പ്രതിപക്ഷം തന്നെ സ്വഭാവഹത്യ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ ജീവനും അപകടത്തിലാണെന്ന് ഞാൻ എന്റെ രാജ്യത്തെ അറിയിക്കട്ടെ, എന്റെ സ്വഭാവഹത്യയ്ക്കും അവർ പദ്ധതിയിട്ടിട്ടുണ്ട്. ഞാൻ മാത്രമല്ല, എന്റെ ഭാര്യയെയും അവർ അപകടത്തിലാക്കും. നേരത്തെയുള്ള തെരഞ്ഞെടുപ്പാണ് ഏറ്റവും നല്ല ഓപ്ഷൻ. എനിക്ക് കേവല ഭൂരിപക്ഷം നൽകാൻ ഞാൻ എന്റെ രാജ്യത്തോട് അഭ്യർത്ഥിക്കും. എനിക്ക് വിട്ടുവീഴ്ചകൾ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഗൂഢാലോചനയാണെന്ന് വിശേഷിപ്പിച്ച ഖാൻ, കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ തനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ചില പ്രതിപക്ഷ നേതാക്കൾ എംബസികൾ സന്ദർശിക്കുന്നതായി തനിക്ക് റിപ്പോർട്ടുകളുണ്ടെന്നും വ്യക്തമാക്കി. ഹുസൈൻ ഹഖാനിയെപ്പോലുള്ളവർ ലണ്ടനിൽ വെച്ച് നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇംറാൻ ഖാൻ പറഞ്ഞു.