Sorry, you need to enable JavaScript to visit this website.

ഉക്രൈന്‍ നിലപാടില്‍ ഇന്ത്യയെ പ്രശംസിച്ച് റഷ്യ; ഇന്ത്യയിലേക്ക് എന്തും നല്‍കാന്‍ തയാര്‍

ന്യൂദല്‍ഹി- ഇന്ത്യ ആവശ്യപ്പെടുന്ന എന്തും നല്‍കാന്‍ തയാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ്. ഇന്ത്യയുമായി ദേശീയ കറന്‍സി ഉപയോഗിച്ചുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും. ഡോളര്‍ അടിസ്ഥാനമാക്കിയുള്ള വ്യാപാരം ഒഴിവാക്കും. പകരം രൂപ-റൂബിള്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുമെന്നും കേന്ദ്ര വിദേശാകാര്യ മന്ത്രി എസ്. ജയങ്കശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലവ്‌റോവ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും സെര്‍ജി ലവ്‌റോവ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി സവിശേഷവും തന്ത്രപ്രധാനവുമായ ഒരു ബന്ധം വികസിപ്പിക്കുക എന്നത്് റഷ്യയുടെ സുപ്രധാന വിദേശ നയമാണെന്നും ലവ്‌റോവ് വ്യക്തമാക്കി.
    റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മധ്യസ്ഥനാകുമോ എന്ന ചോദ്യത്തിന് ഇന്ത്യയ്ക്ക് തീര്‍ച്ചയായും അത്തരമൊരു നീക്കത്തെ പിന്‍തുണയ്ക്കാമെന്നായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ മറുപടി. റഷ്യയെ സംബന്ധിച്ച് ഇന്ത്യ ഒരു സുപ്രധാന രാജ്യമാണ്. പ്രശ്‌ന പരിഹാരത്തിന് ഇന്ത്യ ഇടപെടുമെങ്കില്‍ ഇന്ത്യ ഇരുപക്ഷത്തിന്റെയും സഖ്യ കക്ഷിയാകും. ഉക്രൈന് സുരക്ഷ നല്‍കുകയാണ് റഷ്യയുടെ നിലപാട്. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങള്‍ ഇക്കാര്യം മറന്നു പ്രവര്‍ത്തിക്കുകയാണെന്നും സെര്‍ജി ലവ്‌റോവ് പറഞ്ഞു.
    റഷ്യയില്‍ നിന്നു കുറഞ്ഞ വിലയ്ക്ക് ഇന്ധനം വാങ്ങാനുള്ള ഇന്ത്യയുടെ പദ്ധതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇന്ത്യക്ക് ആവശ്യമുള്ളത് എന്തും നല്‍കാന്‍ മോസ്‌കോ തയാറാണെന്നായിരുന്നു ലവ്‌റോവിന്റെ മറുപടി. ഞങ്ങള്‍ ചങ്ങാതിമാരാണ് എന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞത്. ഇന്ധനം, പ്രതിരോധ ഉപകരണങ്ങള്‍, മറ്റ് ചരക്കുകള്‍ എന്നിവയുടെ ഇടപാടുകളില്‍ ഇന്ത്യയും റഷ്യയും രൂപ-റൂബിള്‍ അടിസ്ഥാനമാക്കിയുള്ള വിനിമയം ഉപയോഗപ്പെടുത്തുമെന്നും ലവ്‌റോവ് വിശദീകരിച്ചു.
 പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തി ഉപരോധത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒട്ടും സംശയിക്കേണ്ട, അതെല്ലാം തന്നെ മറികടന്നിരിക്കും എന്നായിരുന്നു ലവ്‌റോവിന്റെ മറുപടി. ഉക്രൈനുമായി ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആണവ രഹിതമായ പക്ഷ രഹിതമായ നിഷ്പക്ഷ നിലപാടാണ് അനിവാര്യമെന്നും ലവ്‌റോവ് പറഞ്ഞു.
ഉക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ റഷ്യന്‍ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നു വിഭിന്നമായി പക്ഷം ചേരാതെ വസ്തുനിഷ്ഠമായി സ്വതന്ത്ര നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും ലവ്‌റോവ് പറഞ്ഞു.
    ലവ്‌റോവുമായുള്ള കൂടിക്കാഴ്ചയില്‍ അക്രമം അവസാനിപ്പിക്കണം എന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ആവശ്യപ്പെട്ടു. ഭിന്നതകളും തര്‍ക്കങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണം. അന്താരാഷ്ട്ര ചട്ടങ്ങളെ മാനിച്ച് നയതന്ത്ര മാര്‍ഗങ്ങളിലൂടെ പരിഹാരം കണ്ടെത്തണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.

 

Latest News