ബംഗളുരു- കർണാടകയിൽ ഏറെ സ്വാധീനമുള്ള സമുദായമായ ലിങ്കായത്തുകളെ സംസ്ഥാന സർക്കാർ മറ്റൊരു മതവിഭാഗമായി അംഗീകരിച്ചു. ഇതു സംബന്ധിച്ചു പഠിക്കാൻ നേരത്തെ സർക്കാർ നിയോഗിച്ച നാഗമോഹൻ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിയമ പ്രകാരം ലിങ്കായത്തുകളെ പ്രത്യേക ന്യൂനപക്ഷ മതവിഭാഗമായി അംഗീകരിച്ചത്. അന്തിമ അനുമതിക്കായി നിർദേശം ഇനി കേന്ദ്ര സർക്കാരിനു സമർപ്പിക്കും.
കർണാടകയിലെ ഏറ്റവും പ്രബലരായ വോട്ട് ബാങ്കാണ് ലിങ്കായത്തുകൾ. ജനസംഖ്യയുടെ 20 ശതമാനത്തോളം വരും ഈ സമുദായം. തെരഞ്ഞെടുപ്പിന് ഏതാണ്ട് രണ്ടു മാസം മാത്രം ബാക്കി നിൽക്കെ ആണ് കോൺഗ്രസ് സർക്കാരിന്റെ തീരുമാനം. നേരത്തെ മുതിർന്ന ലിങ്കായത്ത് നേതാക്കൾ മുഖ്യമന്ത്രി സിദ്ധാരാമയ്യയോട് നാഗമോൻഹൻ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലിംഗായത്ത് ആത്മീയാചാര്യൻ സിദ്ധലിംഗ സ്വാമി മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. ഇതു പുതിയ ആവശ്യമല്ലെന്നും തങ്ങളെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള പോരാട്ടം 900 വർഷമായി നടന്നു വരികയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതു അംഗീകരിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ തീരുമാനം ബി.ജെ.പിയെ വെട്ടിലാക്കുന്ന തന്ത്രപ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കർണാകടക്ക് സ്വന്തമായി പതാക നിശ്ചയിച്ച് അത് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സംസ്ഥാന സർക്കാർ സമർപ്പിച്ചതും ഏതാനും ആഴ്ചകൾക്കു മുമ്പാണ്.